വഴിയോരത്ത് നിന്ന് പാനി പൂരി കഴിച്ചതിനെ തുടർന്ന് കുട്ടികൾക്കും സ്ത്രീകൾക്കും ഭക്ഷ്യവിഷബാധ. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം.
ഇന്നലെ വൈകുന്നേരം ലോകായ് പഞ്ചായത്തിന് കീഴിലുള്ള ഗോസൈൻ തോലയിലെ ഒരു തെരുവ് കച്ചവടക്കാരന്റെ പക്കൽ നിന്ന് പാനിപൂരി കഴിച്ച് 40 ഓളം കുട്ടികളും 10 സ്ത്രീകളും ഭക്ഷ്യവിഷബാധയേറ്റതായി അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പാനി പൂരി കഴിച്ചതിന് ശേഷം കുട്ടികൾക്കും സ്ത്രീകൾക്കും ഛർദ്ദി, വയറിളക്കം തുടങ്ങിയവ ഉണ്ടായിരുന്നു. കൂടാതെ ബാക്ടീരിയ അണുബാധ ഉണ്ടെന്ന് കണ്ടെത്തി അവരെ കോഡെർമയിലെ സദർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ കഴിഞ്ഞ 24 മണിക്കൂർ ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിൽപ്പനക്കാരന്റെ ബാക്കിയുള്ള ഭക്ഷണ സാധനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സാമ്പിളുകൾ പരിശോധനയ്ക്കായി റാഞ്ചിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.