കോഴിക്കോട്: മലയാളത്തിലെ “റോബിൻ ഹുഡ്’ സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടാമത്തെ അന്വേഷണ സംഘം കോയന്പത്തൂരിലെത്തി.
നേരത്തെ കോയന്പത്തൂരിലെത്തിയ സിറ്റി പോലീസ് സംഘം ചില നിർണായക വിവരങ്ങൾ ശേഖരിച്ചു. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ചേവായൂർ ഇൻസ്പെക്ടർ കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.
തട്ടിപ്പ് കൂടുതൽ സ്ഥലങ്ങളിൽ
എടിഎം മെഷീനിൽ മാഗ്നറ്റിക് ചിപ്പ് ഘടിപ്പിച്ച് കാർഡിലെ വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പ് കൂടുതൽ സ്ഥലങ്ങളിൽ നടന്നെന്ന് പോലീസ്. മാഹിയിലും കോടഞ്ചേരിയിലും രാമനാട്ടുകരയിലുമായി മൂന്നുപേർക്ക് പണം നഷ്ടമായി. കോടഞ്ചേരി ചെന്പുകടവ് സ്വദേശി ലീന, രാമനാട്ടുകര പുതുക്കോട് കൃഷ്ണയിൽ ടി.സി.ബിജുഷ എന്നിവരുടെയും മാഹിയിൽ ഒരാളുടെയും പണമാണ് നഷ്ടമായത്.
ലീനയുടെ താമരശ്ശേരിയിലെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് മൂന്നുതവണയായി 31,400 രൂപയും ബിജിഷയുടെ വെസ്റ്റ്ഹില്ലിലെ എസ്ഐബി അക്കൗണ്ടിൽ നിന്ന് 11,500 രൂപയുമാണ് നഷ്ടമായത്. മലപ്പുറത്തെ കാവുങ്ങലിലെയും കോയന്പത്തൂർ പിച്ചാനൂരിലെയും എടിഎമ്മുകളിൽനിന്നാണ് വ്യാജ കാർഡ് ഉപയോഗിച്ച് സംഘം പണം പിൻവലിച്ചത്.
രണ്ടു പേരടങ്ങുന്ന സംഘങ്ങൾ
രണ്ടു മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് നഗരത്തിലെ എടിഎമ്മിൽനിന്ന് പോലീസിന് ലഭിച്ചത്. ജനുവരി 8,11 തിയതികളിൽ രണ്ടുപേർ വീതമടങ്ങുന്ന വ്യത്യസ്ഥ സംഘങ്ങളാണ് ചേവായൂരിലെ പിഎൻബി എടിഎം കൗണ്ടറിൽ നിന്ന് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയത്. ജനുവരി 11ന് രാവിലെ 7.40 മുതൽ ടീഷർട്ട് ധരിച്ച രണ്ട് യുവാക്കൾ പലതവണ കൗണ്ടറിൽ കയറിയിറങ്ങുന്നതായാണ് ദൃശ്യങ്ങൾ.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ പന്തീരാങ്കാവ്, പള്ളിക്കണ്ടി, വെള്ളിമാടുകുന്ന് എടിഎം കൗണ്ടറുകളിൽനിന്ന് തട്ടിപ്പ് നടത്തിയവരെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പു സംഘത്തിന് ഏതെങ്കിലും ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പ് സ്കിമ്മറുകൾ ഉപയോഗിച്ച്
വിദേശരാജ്യങ്ങളിൽ എടിഎം തട്ടിപ്പിന് ഉപയോഗിക്കുന്ന സ്കിമ്മർ എന്ന ഉപകരണം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എടിഎം മെഷീനിലെ കാർഡ് സ്വൈപ്പ് ചെയ്യുന്ന ഭാഗത്ത് സ്കിമ്മർ എന്ന ഉപകരണം സ്ഥാപിച്ചാണ് കാർഡിലെ വിവരങ്ങൾ ശേഖരിച്ചത്. ഇതിനു തൊട്ടടുത്തായി ചെറിയ കാമറകൾ സ്ഥാപിച്ച് ഇടപാടുകാർ പിൻനന്പർ ടൈപ്പ് ചെയ്യുന്നതും ഇവർ പകർത്തി.
സ്കിമ്മറിലുള്ള ചിപ്പിലെ വിവരങ്ങൾ കംപ്യൂട്ടറിലേക്ക് മാറ്റിയ ഇവരുടെ കൈയിലുള്ള കാർഡുകളിലേക്ക് റൈറ്റ് ചെയ്യുകയും ഇതുപയോഗിച്ച് പണം പിൻവലിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്തിരിക്കുന്നത്. കേരളത്തിൽ രണ്ടാംതവണയാണ് ഇത്തരത്തിലുള്ള കവർച്ചയെന്നാണ് പോലീസ് പറയുന്നത്. 2014നു മുൻപ് സ്ഥാപിച്ച എടിഎമ്മുകളാണ് വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചിരിക്കുന്നത്.
മറ്റു ബാങ്ക് എടിഎമ്മുകളും സംശയത്തിൽ
പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിലാണ് സ്കിമ്മർ സ്ഥാപിച്ചതെന്നാണ് ആദ്യം വിവരം ലഭിച്ചത്. വിജയാ ബാങ്കിന്റെ എടിഎം ഉപയോഗിച്ചവർക്കും പണം നഷ്ടമായെന്ന് പരാതി ലഭിച്ച സാഹചര്യത്തിൽ മറ്റു ബാങ്കുകളുടെ എടിഎമ്മിലൂടെയും വിവരങ്ങൾ ചോർത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. തട്ടിപ്പ് പുറത്ത് വന്നതോടെ ഉപഭോക്താക്കൾ ആശങ്കയിലാണ്.
എടിഎം പിൻ നന്പർ മാറ്റണം
സിറ്റിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കൗണ്ടറുകളിൽനിന്ന് പണം പിൻവലിച്ചവർ പിൻനന്പർ മാറ്റണമെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് എസ്. മഹേഷ്കുമാർ അറിയിച്ചു. പണം നഷ്ടപെട്ട വിവരം പോലീസിൽ അറിയിക്കണം. ആന്റി സ്കിമ്മിങ് ഫെസിലിറ്റി ഇല്ലാത്ത എടിഎമ്മുകൾ മാറ്റിസ്ഥാപിക്കുന്നതിനും പണം നഷ്ടപ്പെട്ട എടിഎമ്മുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനും ബാങ്ക് മാനേജർമാരുടെ യോഗം തീരുമാനിച്ചു.