കാലങ്ങൾ കഴിഞ്ഞിട്ടും മനസിൽ മായാതെ നിൽക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. സിനിമയ്ക്ക് പിന്നിലെ ചില രഹസ്യങ്ങൾ ഇടയ്ക്കു സംവിധായകൻ റാഫിമെക്കാർട്ടിൻ വെളിപ്പെടുത്തിയിരുന്നു.
സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ഞങ്ങൾ അസിസ്റ്റന്റ് ഡയറക്ടർമാരായിരുന്നു. സെറ്റിൽ ഞങ്ങളോടൊപ്പം ഒരു പഞ്ചാബിയുമുണ്ടായിരുന്നു.
അജാനബാഹുവായ മനുഷ്യൻ. താടിയും തലപ്പാവും കൃപാണവുമൊക്കെയുണ്ട്. ആദ്യമൊന്നും ഞങ്ങൾ അദ്ദേഹത്തോടു സംസാരിക്കാറില്ലായിരുന്നു. കാരണം ഞങ്ങൾക്ക് പഞ്ചാബി ഭാഷ അറിയില്ലല്ലോ?
പക്ഷേ പലരും അദ്ദേഹത്തോട് സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങൾ വിചാരിച്ചത് അവർക്കൊക്കെ നന്നായി പഞ്ചാബി ഭാഷ അറിയാം എന്നാണ്.
ഈ സസ്പെൻസ് രണ്ടു ദിവസത്തിനകം നീണ്ടുനിന്നില്ല. അദ്ദേഹവുമായി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അറിയുന്നത് ആള് കൊച്ചിക്കാരനാണ്. ഞങ്ങ …നിങ്ങ… സ്റ്റെൽ.
പഞ്ചാബിൽ നിന്നു വർഷങ്ങൾക്കു മുന്പേ കുടിയേറിയ ബിസിനസ് കുടുംബമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ കൊച്ചിഭാഷ സംസാരിക്കുന്ന പഞ്ചാബി ഒരു ആശയമായി ഞങ്ങളുടെ മനസിൽ കിടന്നു.
ഈ സമയത്ത് ഒരു ചെന്നൈ യാത്രയ്ക്കിടയിൽ ട്രെയിൻ വല്ലാതെ താമസിച്ചു. തമിഴ്നാടിലെ ഏതോ ഒരു കുഗ്രാമത്തിലെ സ്റ്റേഷനിൽ തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ പത്തു മണി ആയിക്കാണും. നല്ല വിശപ്പ്.
എന്തെങ്കിലും കഴിക്കാമെന്നു കരുതിയപ്പോൾ ഒരു ഇഡലിക്കാരനെ കണ്ടു. ഒരു പൊതി ഇഡലി വാങ്ങി. തുറന്നപ്പോഴേ മനസിലായി. മൂന്നു ദിവസത്തെയെങ്കിലും പഴക്കം കാണുമെന്ന്. വാങ്ങിയതു പോലെ അതു ജനലിലൂടെ പുറത്തേക്കിട്ടു.
ട്രാക്കിൽ വീണതും ഒരു പയ്യൻ ഓടിവന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു: ’അതു കഴിക്കരുത്. ചീത്തയാണ്. വേറെ എന്തെങ്കിലും വാങ്ങി കഴിക്ക്’ എന്നൊക്കെ.
പിന്നെ അവനു കുറച്ചു പൈസ കൊടുത്തു. എന്തോ ചോദിച്ചപ്പോൾ ഉൗമയാണെന്ന് അവൻ ആംഗ്യം കാണിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഉറപ്പായിരുന്നു, അവൻ കേരളത്തിൽ നിന്നു നാടുവിട്ട ഒരു പയ്യനാണെന്ന്.
അവൻ ഉൗമയല്ല. സംസാരിക്കാൻ കഴിയുമെന്നും. പക്ഷേ, അവൻ അഭിനയിക്കുകയാണ്. അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി.
ഈ സംഭവവും മലയാളം സംസാരിക്കുന്ന പഞ്ചാബിയും ഒത്തു വന്നപ്പോഴാണ് പഞ്ചാബി ഹൗസിന്റെ ഏകദേശ രൂപമായത്- റാഫിമെക്കാർട്ടിൻ വെളിപ്പെടുത്തി.
-പിജി