ഉപ്പുതറ: വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി പെരുവന്താനം പഞ്ചാലിമേട് അതിസുന്ദരിയായി. ടൂറിസം വകുപ്പിന്റെ നാലു കോടി രൂപ ചെലവഴിച്ചാണ് പഞ്ചാലിമേടിനെ ഒരുക്കിയിരിക്കുന്നത്.
നടപ്പാത, റെയിൻ ഷെൽട്ടറുകൾ, വിശ്രമകേന്ദ്രങ്ങൾ, പ്രവേശനകവാടം, പാസ്കൗണ്ടർ, സോളാർ വിളക്കുകൾ എന്നിവയുടെ നിർമാണങ്ങൾ ആദ്യഘട്ടമായി പൂർത്തിയായി.
ഇളം കാറ്റും മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും അദ്ഭുതപൂർവമായ കാഴ്ച സമ്മാനിക്കുന്ന പഞ്ചാലിമേട് ഇനിയും ഏറെ സുന്ദരിയാകും. അവധി ദിവസങ്ങളിൽ 1000 മുതൽ 4000 വരെ സഞ്ചാരികൾ പഞ്ചാലിമേടിന്റെ സൗന്ദര്യം നുകരാൻ എത്തുന്നുണ്ട്. പഞ്ചാലിമേടിൽന്നും നോക്കിയാൽ നോക്കെത്താത്ര ദൂരം പരന്നുകിടക്കുന്ന പച്ചപുതച്ച മലനിരകൾ ഏറ്റവും ആകർഷണീയമാണ്.
എന്നാൽ അടിസ്ഥാനസൗകര്യം സന്ദർശകരെ അകറ്റിയിരുന്നു. ഇതിനു പരിഹാരമെന്നോണമാണ് പാഞ്ചാലിമേട് ഡിടിപിസി ഏറ്റെടുത്തത്. മന്ത്ര എന്ന കന്പിനിയാണ് നിർമാണചുമതല ഏറ്റെടുത്തിരിന്നത്.
ഒന്നാഘട്ടനിർമാണം പൂർത്തിയാക്കിയ പഞ്ചാലിമേട് അടുത്തമാസം ഏഴിന് മന്തി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിക്കും. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കും വർധിക്കും. സാഹസിയതക്ക് പറ്റിയ സ്ഥലമായതിനാൽ സാഹസികതനിറഞ്ഞ വിനോദങ്ങൾ സംഘടിപ്പിക്കുന്നതാണ് രണ്ടാംഘട്ടപ്രവർത്തനം.
പാഞ്ചാലിക്കുളം നവീകരിച്ച് വലിയ തടാകമാക്കി ബോട്ടിംഗ് സൗകര്യമൊരുക്കുന്നതാണ് മൂന്നാംഘട്ടം. ഇതോടെ പഞ്ചാലിമേട് ലോകത്തിലെതന്നെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി മാറും.