നിയാസ് മുസ്തഫ
പ്രധാനമന്ത്രി നരേന്ദ്രമോദി ആ വഴി കടന്നുപോകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് കർഷകർ.
റോഡ് ഉപരോധം ആരംഭിച്ചതിനുശേഷം പോലീസ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി വരുന്നുണ്ടെന്നും പോകാൻ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
പക്ഷേ, തങ്ങൾ പോലീസുകാർ പറഞ്ഞത് വിശ്വസിച്ചില്ല. പോലീസ് കള്ളം പറഞ്ഞ് ഞങ്ങളെ റോഡിൽനിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്നാണ് കരുതിയത്.
പ്രധാനമന്ത്രിക്ക് ആരെയെങ്കിലും അയച്ച് ഞങ്ങളോട് വഴി മാറാൻ ആവശ്യപ്പെടാമായിരുന്നു. അങ്ങനെ ചെയ്താൽ ഞങ്ങൾ ഒരിക്കലും അദ്ദേഹത്തെ വഴി തടയില്ലായിരുന്നു.
-കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ തടഞ്ഞ കർഷകരിൽ ഒരാൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പഞ്ചാബിലെ ഫിറോസ്പൂരിൽ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി പഞ്ചാബിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ഭട്ടിൻഡ ഹുസൈനിവാലയിലേക്കുള്ള വഴിയിലാണ് പ്രതിഷേധക്കാർ ഒരു ഫ്ളൈഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടത്.
ഇരുപതു മിനിട്ടോളം പ്രധാനമന്ത്രിക്ക് മുന്നോട്ടുപോകാനാവാതെ റോഡിൽ കുടുങ്ങി കിടക്കേണ്ടിവന്നു.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിലെ മോദിയുടെ ആദ്യ റാലിയായിരുന്നു കഴിഞ്ഞ ദിവസം ഫിറോസ്പൂരിൽ നിശ്ചയിച്ചിരുന്നത്.
രാഷ്ട്രീയ സംഘട്ടനത്തിലേക്ക്
കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോണ്ഗ്രസും തമ്മിൽ വലിയ രാഷ്ട്രീയ സംഘട്ടനത്തിന് സുരക്ഷാ വീഴ്ച കാരണമായിട്ടുണ്ട്.
വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുമെത്തി. പഞ്ചാബ് ആഭ്യന്തര മന്ത്രിയേയും പോലീസ് മേധാവിയേയും ഒൗദ്യാഗിക ചുമതലകളിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഇപ്പോൾ ഹർജി വന്നിരിക്കുന്നത്.
അന്വേഷണം തുടങ്ങി
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽകണ്ട് പ്രധാനമന്ത്രി പഞ്ചാബിലെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സംഭവത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഗുരുതര സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശാ നുസരണം മൂന്നംഗ സമിതിയുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാബിനറ്റ് സെക്രട്ടറിയേറ്റ് സെക്രട്ടറി (സെക്യൂരിറ്റി) സുധീർ കുമാർ സക്സേനയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയിൽ ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ബൽബീർ സിംഗ്, എസ്പിജി ഇൻസ്പെക്ടർ ജനറൽ എസ് സുരേഷ് എന്നിവരും ഉൾപ്പെടുന്നു.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സുരക്ഷാ വീഴ്ചയെക്കുറിച്ചു പഠിക്കാൻ പഞ്ചാബ് സർക്കാരും രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് മെഹ്താബ് ഗിൽ, പഞ്ചാബ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്.
പ്രധാനമന്ത്രിയെ തടഞ്ഞതിന്റെ ഉത്തരവാദിത്വം ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിച്ചില്ലെന്ന്
മൂന്നു മാസം മുന്പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്ജിത് ചന്നിയുടെ സർക്കാർ കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ ബദൽ മാർഗം കണ്ടെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം നടത്തിയ നിരവധി എസ്ഒഎസ് കോളുകളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
എന്നാൽ, സംസ്ഥാന പോലീസ് അറിയാതെ പ്രോട്ടോക്കോൾ പൂർണമായും ലംഘിച്ച് പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയെന്നാണ് കോണ്ഗ്രസ് വാദിക്കുന്നത്.
പരിഹസിച്ച് സിദ്ദു
സുരക്ഷാ വീഴ്ചയിൽ ബിജെപിയെ പരിഹസിച്ച് പഞ്ചാബ് കോണ്ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തി. 15 മിനിറ്റ് നേരത്തെ കാത്തിരിപ്പുകൊണ്ട് വിഷമിച്ചുവെന്ന് പ്രധാനമന്ത്രി പറയുന്നു.
എന്നാൽ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കർഷകർക്ക് ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നുവെെന്ന് അദ്ദേഹം പറഞ്ഞു.