ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ പഞ്ചാബ് സർക്കാർ നൽകിയ സഹായവാഗ്ദാനം കണക്കിലെടുക്കാതെ കേരള സർക്കാർ. മലയാളികളെ ട്രെയിൻ മാർഗം കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിനാണ് മറുപടി പോലും നൽകാതെ സർക്കാർ മുഖം തിരിച്ചത്.
ഒടുവിൽ ട്രെയിനിന് അനുമതി നൽകാമെന്നു കേരള സർക്കാർ ഇന്നലെ രാത്രി അറിയിച്ചു. പഞ്ചാബ് സർക്കാർ മൂന്നു തവണ കത്തെഴുതിയിട്ടും കേരളം മറുപടി നൽകുന്നത് വെെകിപ്പിച്ചു.
ഗർഭിണിയായ യുവതികൾ അടക്കം 1005 മലയാളികളാണ് പഞ്ചാബിൽ കുടുങ്ങിയിരിക്കുന്നത്. നാട്ടിലേക്കു മടങ്ങുന്നതിനായി പ്രത്യേക ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തു.
കർണാടകയിൽനിന്നുള്ള 309 പേരും രജിസ്റ്റർ ചെയ്തു. ഇവർക്കായി ജലന്ധറിൽനിന്ന് ബംഗളൂരു വഴി എറണാകുളത്തേക്ക് ട്രെയിൻ സർവീസ് നടത്താനാണ് പഞ്ചാബ് സർക്കാർ പദ്ധതിയിട്ടത്.
പഞ്ചാബ് സർക്കാർ കേരള സർക്കാരിന്റെ അന്തർസംസ്ഥാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് മൂന്നു തവണ കത്തയച്ചു. എന്നാൽ, കേരളം ഇന്നലെ രാത്രിയാണു മറുപടി നൽകിയത്.
സെബി മാത്യു