പത്തനാപുരം : പഞ്ഞികായ്കളുടെ വിളവെടുപ്പുകാലംതുടങ്ങി .അച്ചന്‍കോവില്‍ – മേക്കര ഭാഗങ്ങളിലാണ് പഞ്ഞികായ് കൃഷി വൻതോതിലുള്ളത്. ആര്യങ്കാവ്,പമ്പിളി, മേക്കര,അച്ചന്‍കോവില്‍,കോട്ടവാസല്‍ എന്നവിടങ്ങളിലാണ് പഞ്ഞി (ഇലവ്) മരങ്ങള്‍ കായ്ച്ചു തുടങ്ങിയത്.
ഇലകള്‍ കൊഴിച്ച് കായ്കള്‍ പഞ്ഞി ഉതിര്‍ത്ത് നില്‍ക്കുന്നത് കാഴ്ചക്കാര്‍ക്കും ദൃശ്യവിരുന്നാണ്.ഇവിടെ അയിരത്തിയഞ്ഞൂറിലധികം ഏക്കര്‍ സ്ഥലത്താണ് പഞ്ഞി കായ് പൂര്‍ണ്ണമായും കൃഷി ചെയ്യുന്നത്.വേനല്‍ ശക്തമായതോടെ കായ് ഉണങ്ങി പഞ്ഞി പുറത്തുവന്ന നിലയിലാണ്. കായ് ഉണങ്ങി നില്ക്കുന്നതിനാല് പറിച്ചെടുക്കാന്‍ എളുപ്പമാണ്. തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ പഞ്ഞി വ്യാപാരികളാണ് ഇവിടെ നിന്നും പഞ്ഞി വാങ്ങുന്നത്.
ഇവിടുത്തെ കര്‍ഷകര്‍ക്ക് ശേഖരിക്കുന്ന പഞ്ഞിക്കായ ഒന്നിന് ഒരു രൂപ മുതല്‍ 2 രൂപ വരെ കൊടുത്താണ് കായ് പഞ്ഞി വ്യാപാരികള്‍ വാങ്ങിക്കുന്നത്.തോട് പൊട്ടിച്ചതാണെങ്കില് ഒരു കിലോയ്ക്ക് ഇരുന്നൂറ് മുതലാണ് വില.ചില മൊത്ത വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലവ് മരം പാട്ടത്തിനെടുക്കുകയും ചെയ്തിട്ടുണ്ട്.
രാജപാളയം, തൂത്തുക്കുടി,ശങ്കരന്‍കോവില്‍ എന്നിവിടങ്ങളിലേക്കാണ് പഞ്ഞികള്‍ കൊണ്ടുപോകുന്നത്.മെത്ത,തലയിണ എന്നിവയ്ക്കായിട്ടാണ് കൂടുതലും പഞ്ഞികള്‍ കയറ്റി അയക്കുന്നത്.മേക്കരയിവെ പഞ്ഞികായ്കള്‍ക്ക് ഡിമാന്റാണ്. പ്രതി വര്‍ഷംഒരു ഇലവ് മരത്തില്‍ നിന്നും രണ്ടായിരം മുതല്‍ നാലായിരം വരെ കായ് ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.ഒരു പഞ്ഞിച്ചെടി നാലാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും.
മുപ്പത് വര്‍ഷം വരെ ഒരു മരം കായ്ഫലം നല്‍കുമെന്നും ഇവര്‍ പറയുന്നു.പഞ്ഞി ശേഖരിച്ച ശേഷം ഉണങ്ങിയ പുറംതോട് ഇവര്‍ കച്ചവടം ചെയ്യാറുണ്ട്.മേക്കരയില്‍ നിന്നും കോട്ടവാസലിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്ക്കിരുവശവും ഏക്കറുകണക്കിന് സ്ഥലത്ത് പഞ്ഞിക്കായ് പാകമായി നില്‍ക്കുന്നുണ്ട്.