കൊടകര: പൊതുമരാമത്ത് വകുപ്പിനു കീഴിലെ കൊടകര - വെള്ളിക്കുളങ്ങര റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുനീക്കാൻ നടപടി വൈകുന്നു.മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ റോഡിന്റെ ഓരം ചേർന്ന് കുഴിക്കാണി വളവിനു സമീപത്താണ് പഞ്ഞിമരം വളർന്ന് നിൽക്കുന്നത്.
ഈ മരം വെട്ടി നീക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തിനുനിന്ന് ഇതിനാവശ്യമായ നടപടി കൈക്കാള്ളാൻ നീക്കമുണ്ടായിട്ടില്ല. നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡരികിലുള്ള ഈ മരം കാറ്റിൽ ഒടിഞ്ഞുവീണാൽ വലിയ ദുരന്തത്തിനു കാരണമാകും.
അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മഴക്കാലത്തിനു മുന്പേ വെട്ടിനീക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്ന അധികൃതർ പൊതുസ്ഥലത്ത് നിൽക്കുന്ന അപകടഭീഷണിയുള്ള മരങ്ങളുടെ കാര്യത്തിൽ നിസംഗത പുലർത്തുകയാണെന്ന് ആക്ഷേപമുണ്ട്. കാലവർഷം പടിവാതിൽക്കലെത്തി നിൽക്കേ അപകടസാധ്യത കണക്കിലെടുത്ത് പഞ്ഞിമരം മുറിച്ചുനീക്കാൻ അടിയന്തിര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.