ഗ്രിസെൽഡ ബ്ലാങ്കോ… ഈ പേര് കേട്ടാൽ കൊളംബിയക്കാരും അമേരിക്കക്കാരും ഇപ്പോഴും പേടിക്കും. കാരണം ലോകം കണ്ട ഏറ്റവും ക്രൂരയായ സ്ത്രീകളിൽ ഒരാൾ.
ക്രൂരത എന്ന വാക്കിനു പകരം ഗ്രിസെൽഡ ബ്ലാങ്കോ എന്ന പേര് ഉപയോഗിക്കാം. അത്രയ്ക്കുണ്ട് ചെയ്തികൾ. മയക്കുമരുന്നു വ്യാപാരമായിരുന്നു പ്രധാന തൊഴിൽ. കറുത്ത വിധവ, കൊക്കെയ്ൻ ഗോഡ് മദർ, മയക്കു മരുന്ന് രാജ്ഞി എന്നൊക്കെ ഇവർ അറിയപ്പെട്ടു.
ചേരിയിൽ ജനനം
കൊളംബിയയിലെ ഒരു ചേരിയില്‍ 1943 ഫെബ്രുവരി 15നായിരുന്നു ഗ്രിസെൽഡയുടെ ജനനം. കൊടുംപട്ടിണിയിലാണ് വളർന്നത്. വേശ്യാവൃത്തിയിലായിരുന്നു അമ്മ അന ലൂസിയ റെസ്ട്രെപ്പോയുടെ ജീവിതം.
ഗ്രിസെൽഡയുടെ ജനനത്തോടെതന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മ മദ്യത്തിനും അടിമയായിരുന്നു. പലതിനോടുള്ള ദേഷ്യം അവർ തീർത്തിരുന്നതു ഗ്രിസെൽഡയെ ഉപദ്രവിച്ചുകൊണ്ടായിരുന്നു.
ഗ്രിസെൽഡയ്ക്കു മൂന്നു വയസുള്ളപ്പോൾ അമ്മ അവളെയും കൂട്ടി മെഡല്ലിനിലേക്കു മാറി താമസിച്ചു. താമസം മാറി അമ്മയോടൊപ്പം മെഡല്ലിനിലേക്ക് എത്തിയതാണ് ഗ്രിസെൽഡയുടെ ജീവിതത്തിലെ മോശം കാര്യങ്ങൾക്ക് തുടക്കമെന്നു വേണമെങ്കിൽ പറയാം.
മെഡല്ലിനിലെത്തിയ ഗ്രിസെൽഡയെ കാത്തിരുന്നതു കുറ്റകൃത്യങ്ങളുടെ ലോകമായിരുന്നു. ചുറ്റും നോക്കുന്നതും സംഭവിക്കുന്നതുമെല്ലാം കുറ്റകൃത്യങ്ങൾ… നല്ല വഴികളൊന്നും അവൾക്കു മുന്നിൽ തെളിഞ്ഞില്ല, മോശപ്പെട്ട കുടുംബാന്തരീക്ഷത്തിൽ വളർന്നത് അവളെ തെറ്റായ വഴിയിലേക്കു നയിച്ചു.
പോക്കറ്റടിയും കവർച്ചയും
ചെറിയ പെൺകുട്ടികൾ കടന്നു ചെല്ലാത്ത രംഗങ്ങളിലേക്കായിരുന്നു അവളുടെ യാത്രകൾ. പുരുഷൻമാർ ചെയ്യുന്ന പല ജോലികളും അവൾ ചെയ്യാൻ തയാറായി. രാജ്യത്ത് ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ മരിച്ചുവീഴുന്നവരെ സംസ്കരിക്കാന്‍ കുഴികളെടുത്തിരുന്നതു ഗ്രിസെല്ഡയും കൂട്ടുകാരും ചേര്‍ന്നായിരുന്നു. ദാരിദ്രം ഗ്രിസെൽഡയെ ശരിക്കും വലച്ചിരുന്നു.
അതോടെ ജീവിക്കാൻ കുറ്റകൃത്യങ്ങളുടെ വഴികളാണ് എളുപ്പമെന്ന് അവൾക്കുതോന്നി. അങ്ങനെ പോക്കറ്റടിയിലേക്കു തിരിഞ്ഞു. പോക്കറ്റടി പതിവായതോടെ മോഷണത്തോടുള്ള അറപ്പ് മാറി. അതോടെ വലിയ കവർച്ചകൾ തുടങ്ങിയാൽ എന്താണെന്നായി ചിന്ത. മോശപ്പെട്ട കൂട്ടുകാരെയും അവൾക്കു കിട്ടി. എന്തിനും ഏതിനും സഹായികളായി അവരും ഒപ്പംകൂടി.
ആദ്യ കൊലപാതകവും വിവാഹവും
കേട്ടാൽ വിശ്വസിക്കില്ല. എന്നാൽ, പതിനൊന്നാം വയസില്‍തന്നെ ഗ്രിസെൽഡ ആദ്യ കൊലപാതകം നടത്തി. പണത്തിനായി സമ്പന്ന കുടുംബത്തിലെ ഒരു കുട്ടിയെ ഇവളും കൂട്ടുകാരും തട്ടിയെടുത്തു. മോചനദ്രവ്യമായി ചോദിച്ച പണം കുടുംബക്കാര് നല്‍കാതെ വന്നപ്പോൾ ഗ്രിസെല്‍ഡ ആ കുട്ടിയെ വെടിവച്ചുകൊന്നു.
ഇതിനിടെ, അമ്മയുടെ കാമുകന്റെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമം ഗ്രിസെൽഡയ്ക്കു നേരിടേണ്ടി വന്നിരുന്നു. പിന്നീട് അമ്മയെ ഉപേക്ഷിച്ചു സ്വന്തമായി താമസം തുടങ്ങി.
അധികം വൈകാതെ പണമുണ്ടാക്കാൻ അമ്മയെപ്പോലെ വേശ്യാവൃത്തിയിലേക്കു ഗ്രിസെല്ഡയും തിരിഞ്ഞു. വേശ്യാവൃത്തിയും പോക്കറ്റടിയുമായി ജീവിതം മുന്നേറുന്പോഴാണ് കാര്‍ലോസ് ട്രൂജിലോ എന്നയാളെ വിവാഹം കഴിച്ചത്. മൂന്നു മക്കളുണ്ടായതിനു ശേഷം അവര്‍ പിരിഞ്ഞു. ഒരു തര്‍ക്കത്തിനൊടുവില്‍ ഗ്രിസെല്‍ഡ തന്നെ ഭർത്താവിനെ കൊലപ്പെടുത്തി.
മയക്കുമരുന്നിന്റെ ലോകത്ത്
അറുപതുകളില്‍ കൊക്കെയ്ന്‍ ഡീലറായിരുന്ന ആല്‍ബെട്രോ ബ്രാവോ എന്നയാളാണ് ഗ്രിസെല്‍ഡയുടെ ജീവിത പങ്കാളിയായത്. 1970 കളുടെ മധ്യത്തിൽ ഗ്രിസെൽഡയും രണ്ടാം ഭർത്താവ് ആൽബർട്ടോ ബ്രാവോയും വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചു നിയമവിരുദ്ധമായി യുഎസിലേക്കു കുടിയേറി. അവിടെ ന്യൂയോർക്കിലെ ക്വീൻസിൽ താമസവുമാക്കി. ഈ പ്രദേശം മയക്കുമരുന്നു കച്ചവടത്തിന്റെ താവളമാക്കി അവർ മാറ്റി.
ബ്രാവോയുടെ തുണി ഇറക്കുമതി കമ്പനിയുടെ മറവിലായിരുന്നു മയക്കുമരുന്ന് കടത്ത്. ഇതിനായി പ്രത്യേക അറകളുള്ള അടിവസ്ത്രങ്ങള്‍ തയറാക്കി അതിനുള്ളില്‍ കൊക്കെയ്ന്‍ കടത്താന്‍ സ്ത്രീകളെയാണ് ഉപയോഗിച്ചിരുന്നത്.
മയക്കുമരുന്നു കടത്താൻ സ്ത്രീകളെ ഉപയോഗിക്കുന്ന തന്ത്രം ആവിഷ്കരിച്ചത് ഇവരാണെന്നും പറയാം. സ്ത്രീകളാകുന്പോൾ പോലീസിന്റെ ശ്രദ്ധ വേഗത്തിൽ പതിയില്ലായെന്നു ഗ്രിസെൽഡയും ഭർത്താവും മനസിലാക്കിയിരുന്നു.
(തുടരും)