ഹൂസ്റ്റണ്‍: പതിനഞ്ചു വർഷത്തോളമായി ഹൂസ്റ്റണിൽ നിയമപരമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യൻ ഡോക്ടർമാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതരുടേതാണ് ഉത്തരവ്.
കഴിഞ്ഞവർഷം ഒക്ടോബറിൽ പിതാവിനെ സന്ദർശിക്കാനായി ഇന്ത്യയിൽ പോയി തിരിച്ചുവരുന്ന ഡോ. പങ്കജിനെ ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയും യാത്രാരേഖകളുടെ കാലാവധി ജൂണിൽ അവസാനിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ എംപ്ലോയ്മെന്റ് ഓതറൈസേഷൻ രണ്ടു വർഷത്തേക്ക് ഉണ്ടെന്നാണ് ഇവരുടെ വാദം.
2002 മുതൽ നിയമപരമായി ഗവേഷണത്തിനും മെഡിക്കൽ റസിഡന്റസിക്കുമായി ഇരുവരും ഇവിടെ എത്തിയത്. ഡ്യൂക്ക് യൂണിവേഴ്സിറ്റി, ബെയ്ലർ കോളജ് ഓഫ് മെഡിസിൻ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഡോ പങ്കജും മോണിക്കയും രണ്ടു വർഷം കൂടുന്പോൾ വർക്ക് ഓതറൈസേഷനും യാത്രാരേഖകളും പുതുക്കേണ്ടതുണ്ട്. ഗ്രീൻ കാർഡ് ലഭിക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇമിഗ്രേഷൻ വകുപ്പിന്റെ ഭാഷ്യം. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമം ട്രംപ് ഗവണ്മെന്റ് കർശനമാക്കിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നാണ് കരുതുന്നത്.
ഹുസ്റ്റണിലെ ഡോക്ടർ ദന്പതിമാരായ ഇവർക്ക് ഇവിടെ ജനിച്ച റാൾഫ് (7), സൂനി (4) എന്നീ രണ്ട് കുട്ടികൾ ഉണ്ട്. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇരുവർക്കും 90 ദിവസത്തെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. സംഭവത്തെതുടർന്ന് ഡോക്ടർമാർ നിയമോപദേശം തേടിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ