വൈപ്പിൻ: കടക്ഷോഭത്തിനിരയായി നായരന്പലം പുത്തൻ കടപ്പുറത്തുനിന്നു വെളിയത്ത് പറന്പ് ദേവി വിലാസം എൽ പി സ്കൂളിലേക്ക് താത്ക്കാലികമായി മാറ്റിപ്പാർപ്പിച്ചവർ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടറുടെ പക്കൽനിന്നു നേരിട്ട് രേഖാമൂലം ഉറപ്പ് നൽകാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് മുന്നറിയിപ്പു നൽകി.
ഇന്നലെ രാത്രി പഞ്ചായത്ത് പ്രസിഡന്റ് ദുരിതാശ്വാസ ക്യാന്പിലെത്തി സർക്കാരും ജില്ലാ ഭരണകൂടവും പ്രഖ്യപിക്കുന്ന പുനരധിവാസ പാക്കേജുകളെക്കുറിച്ച് ദുരിതബാധിതരെ വിശദമായി ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിൽ ക്യാന്പ് വിട്ട് വീടുകളിലേക്ക് പോകണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു. പരീക്ഷ ആരംഭിക്കാനിരിക്കുന്നതിനാൽ സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.
എന്നാൽ ഇതുപോലെ കടൽക്ഷോഭം ഉണ്ടാകുന്പോഴെല്ലാം വാഗ്ദാനങ്ങൾ മാത്രം നൽകി പോകുന്ന രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടേയും വാക്കുകൾ ഇനി തങ്ങൾ വിശ്വസിക്കില്ലെന്നും കളക്ടർ നേരിട്ട് എത്തി രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ ക്യാന്പ് വിട്ട് പോകുവെന്നും പഞ്ചായത്തു പ്രസിഡ ന്റിനെ അറിയി ക്കുകയാ യിരുന്നു. അഞ്ചു വീടുകൾ വാസയോഗ്യമല്ല. ഇതിൽ രണ്ടെണ്ണം പൂർണമായും തകർന്നതാണ്. ഇവരുടെ പുനരധിവാസമാണ് ദുരിത ബാധിതർ ഉന്നയിക്കുന്നത്.
ഇവരെ വീട് നിർമിക്കുന്നത് വരെ സർക്കാർ ചെലവിൽ എവിടെയങ്കിലും വാടകയ്ക്ക് താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയെങ്കിലും കളക്ടർ എത്താതെ മടങ്ങില്ലെന്ന് ദുരിത ബാധിതർ തീർത്ത് പറയുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ജില്ലാ കളക്ടർ ക്യാന്പിലെത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇനി 300 ഓളം ആളുകളാണ് ക്യാന്പിൽ അവശേഷിക്കുന്നത്.
പങ്കജാക്ഷിക്കും വേണം അടച്ചുറപ്പുള്ള ഒരു വീട്
വൈപ്പിൻ: തൊണ്ണൂറ്റിയഞ്ചിന്റെ നിറവിൽ പോണത്ത് പങ്കജാക്ഷി തന്റെ ആഗ്രഹം പറയുകയാണ്. മരിക്കുന്നതിനു മുന്പ് തനിക്കും വേണം അടച്ചുറപ്പുള്ളതും വെള്ളം കയറാത്തതുമായ ഒരു വീട്.കടൽക്ഷോഭത്തെ തുടർന്ന് നായരന്പലം ദേവി വിലാസം എൽപിസ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന ഈ വയോധികക്ക് നായരന്പലം പഞ്ചായത്തിലെ 12-ാം വാർഡിൽ പുത്തൻ കടപ്പുറത്ത് കടലിന്റെ വായിലായി 10 സെന്റ് ഭൂമിയുണ്ട്.
ഇതിൽ ഇപ്പോഴുള്ളത് സിമന്റ് കട്ട കെട്ടി നിർമിച്ച് ഒരു ചെറിയ കൂരയാണ്. കടലൊന്ന് ആർത്തിരന്പിയാൽ വീടും പറന്പും വെള്ളത്തിൽ മുങ്ങും. ഇതാണ് പതിവ്. കൂട്ടിനുള്ളത് വിധവയായ ഏക മകൾ ലക്ഷ്മിയും ഇവരുടെ മകനും മാത്രമാണ്. കണ്ണിനു കാഴ്ചയും കുറവാണ്.
മകൾ ചെമ്മീൻ കിള്ളി കിട്ടുന്ന കാശുകൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഒപ്പം പങ്കജാക്ഷിക്കുള്ള മരുന്നും വാങ്ങണം. ലക്ഷ്മിയുടെ മകൻ നിർമ്മാണ തൊഴിലാളിയാണ്. മത്സ്യബധന അനുബന്ധ തൊഴിലാളിയെന്ന പേരിലും , വിധവ എന്ന പരിഗണനയിലും ഒരു വീടുവെക്കാനുള്ള ധനസഹായത്തിനായി താൻ മുട്ടാത്ത വാതിലുകളില്ലെന്ന ലക്ഷ്മി പറയുന്നു. എന്നാൽ നാളിതുവരെ ഒരു വാതിലും തുറന്നില്ല. ഈ അവസ്ഥയിൽ ഒരു വീട് വേണമെന്ന അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ കഴിയുമോ എന്ന ആശങ്കയിലാണ് ലക്ഷ്മി.