നാദാപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിലൂടെ അരൂരിലെ കൂളിപ്പൊയില്‍ പങ്കജത്തിന് കൃത്രിമ കാല് ലഭിച്ചു . പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ വഴി മന്ത്രിയ്ക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ ശരീരത്തിനു പാകമായ പുതിയ കൃത്രിമ കാലുമായി വ്യാഴാഴ്ച പങ്കജയുടെ വീട്ടിലെത്തി.
1990 ല്‍ പതിനെട്ടാം വയസ്സിലായിരുന്നു പങ്കജത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസമാവുമ്പോഴേക്കും കാലിനു വേദന വന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ തേടുകയായിരുന്നു.
ആര്‍സിസിയില്‍ വച്ച് ഇടതുകാല് പൂര്‍ണമായും മുറിച്ചുമാറ്റി. ഇതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. പിന്നീട് സ്വന്തം വീട്ടിലെ ഏകാന്തതയിലായി പങ്കജത്തിന്റെ ജീവിതം. ഏക സഹോദരന് ചെറുപ്പത്തിലേ മരണപ്പെട്ടു. താങ്ങും തണലുമായി നിന്ന അമ്മ രണ്ടു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചു. കഴിഞ്ഞ വര്‍ഷം ബ്രസ്റ്റ് കാന്‍സറിന്റെ രൂപത്തില്‍ രോഗം വീണ്ടും പങ്കജത്തെ വേട്ടയാടി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ വച്ച് വലതു മാറിടം പൂര്‍ണ്ണമായി മുറിച്ചു മാറ്റി.
കാലപ്പഴക്കത്താല്‍ ദ്രവിച്ച് തകര്‍ന്നു വീഴാറായ വീടിന്റെ സ്ഥിതി കണ്ട് നാട്ടുകാരുടെ ഒത്തൊരുമയില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് നവീകരിച്ചു നല്‍കിയിരുന്നു. എന്നാല്‍ വീടിനകത്ത് ശൗചാലയം ഇല്ലാത്ത ബുദ്ധിമുട്ട് കണ്ട സിപിഎം ഹരിത വയല്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി പുതിയ ശൗചാലയം നിര്‍മിച്ചു നല്‍കിയിരുന്നു.
രോഗങ്ങളും വേദനകളും പ്രതിസന്ധികളും വേട്ടയാടുമ്പോഴും മനക്കരുത്തില്‍ പ്രസന്നവതിയാണ് പങ്കജം. പുതിയ കൃത്രിമ കാല് സമ്മാനിച്ച പ്രിയപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി പറയുകയാണ് വീട്ടില്‍ വരുന്നവരോട് പങ്കജം.