നിശാന്ത് ഘോഷ്
കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലെ പങ്കാളിത്ത പെൻഷനു പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന പ്രധാന വാഗ്ദാനത്തെ പൂർണമായും മറന്ന് രണ്ടാം പിണറായി സർക്കാർ.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേരാതെ മാറി നിൽക്കുന്ന സർക്കാർ ജീവനക്കാർ അടുത്ത് മാസം 30നളളിൽ പെൻഷൻ പദ്ധതിയിൽ നിർബന്ധമായും ചേരണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി.
ഇക്കഴിഞ്ഞ 26നാണ് ധനകാര്യവകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർ പെൻഷൻ പദ്ധതിയിൽ നിശ്ചിത കാലാവധിക്കുള്ളിൽ ചേരുന്നതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണ്ടതില്ലെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കാണെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
2013ൽ ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു അതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിക്കു പകരം പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ (കോൺട്രിബ്യൂട്ടറി) പെൻഷൻ നടപ്പാക്കിയത്.
പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ 30 ദിവസത്തിനകം പദ്ധതിയിൽ പങ്കാളികളാകണമെന്നായിരുന്നു നിർദേശം.
യുഡിഎഫ് സർക്കാരിന്റെ ഈ നീക്കത്തിനെതിരേ സിപിഎമ്മും ഇടത് സംഘടനകളും ശക്തമായ പ്രതിഷേധവും പ്രക്ഷോഭവുമായിരുന്നു നടത്തിയത്.
തുടർന്ന് 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം പങ്കാളിത്ത പെൻഷൻ റദ്ദാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക്കുമെന്നായിരുന്നു.
ഈ വാഗ്ദാനത്തിൽ വിശ്വസിച്ച് ഇടത്പക്ഷാനുഭാവമുള്ള നിരവധി ജീവനക്കാർ ഉൾപ്പെടെയുള്ളവർ പെൻഷൻ പദ്ധതിയിൽ ചേർന്നിരുന്നില്ല.