കൊല്ലം :വൈദ്യുതി ബോർഡ് ജീവനക്കാർക്ക് ത്രികക്ഷികരാറിലൂടെ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാട്യൂട്ടറി പെൻഷൻ നടപ്പിലാക്കി പെൻഷൻ പ്രായം ഏകീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കൊല്ലം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
ഡിവിഷൻ പ്രസിഡന്റ് ജുബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബി.എച്ച്.അനി, എം. സുകുമാരപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഡിവിഷൻ വൈസ് പ്രസിഡന്റ് ശിവശങ്കരൻ പി.കെ. പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ഡി. ലാൽ പ്രകാശ്, പ്രദീപ്കുമാർ എം.ജെ. എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ മറ്റു കോർപ്പറേഷൻ പ്രദേശങ്ങളിൽ ഭൂഗർഭകേബിൾ ഉപയോഗിച്ചു ആധുനിക സാങ്കേതിക വിദ്യയിലൂടെ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് കണ്ട്രോൾറൂമിൽ ഇരുന്നു ആർഎം യു വഴി തടസ രഹിത വൈദ്യുതി സംവിധാനം കൊല്ലത്തും നടപ്പിലാക്കണമെന്നും വനിതാ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുക,സിഇഎയുടെ പേരിൽ തടസപ്പെട്ട പ്രമോഷനുകൾ നടത്തുക,ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.