കോലഞ്ചേരി: പാങ്കോട് ബലാത്സംഗ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോവിഡ് പരിശോധനാ ഫലം കാത്ത് പോലീസ്. കോവിഡ് കെയർ സെൻറ്ററുകളിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളുടെ പരിശോധന ഫലം ഇന്ന് കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
പ്രതികളായ മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടുക. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
വയോധികയായ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതിന് പിന്നാലെ ആയുധം ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന 75കാരിയുടെ മൊഴി കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് നേരിട്ട് എത്തി രേഖപ്പെടുത്തിയിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ ഓമന കൂട്ടിക്കൊണ്ടുപോയത്. വയോധികയെ മറ്റൊരു വീട്ടിലെത്തിച്ചശേഷം ഒന്നാം പ്രതി ഷാഫി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ കുത്തി മുറിവേൽപ്പിച്ചത് മനോജാണ്.
എഴുപത്തിയഞ്ചുകാരിയെ ഓമന വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഇവരെ കണ്ടപ്പോൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.