അഞ്ചല്‍(കൊല്ലം): കടയ്ക്കലില്‍ ഇന്നലെ രാത്രി റൂറല്‍ ഡാന്‍സഫ് സംഘം നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നുകോടിയിലധികം വിലവരുന്ന നിരോധിത പാന്‍മസാല പിടികൂടി. ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് കടത്തിയ ഇരുന്നൂറുചാക്കോളം പാന്‍മസാലയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് പിടികൂടിയത്.
ലോറിയില്‍ പിന്നിലായി ടാറ്റ സ്റ്റീല്‍ വെസല്‍സ് എന്ന പേരില്‍ ഡമ്മി ചക്കുകള്‍ അടുക്കിയ ശേഷം പിന്നിലായി പ്ലാസ്റ്റിക്, ചണ ചാക്കുകളിലായി പാന്‍മസാല ശേഖരം സൂക്ഷിച്ചിരിക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്നു ലോറിയെ പിന്തുടര്‍ന്ന ഡാന്‍സഫ് എസ്ഐ ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കലില്‍ വച്ച് ലോറി തടയുകയും കടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തുകയുമായിരുന്നു.
കേസില്‍ ലോറി ഡ്രൈവര്‍ മലപ്പുറം മുല്ലെശേരി വീട്ടില്‍ ബഷീര്‍ (45) നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറിയില്‍ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തു. അതേസമയം പാന്‍മസാല കടത്തലിന് പിന്നില്‍ അന്തര്‍സംസ്ഥാന ലഹരി കടത്തു സംഘമാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതുകൊണ്ടു അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. അറസ്റ്റ് രേഖപ്പെടുത്തിയ ബഷീറിനെ കടയ്ക്കല്‍ പോലീസിന് കൈമാറി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്