കൊച്ചി: മട്ടാഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ പിടിയിൽ. അസം സ്വദേശികളായ ജഗത് (25), സുബില്‍ സോനോവാള്‍ (24), ബിട്ടു ബോറ (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അസം സ്വദേശിയായ പഞ്ചല്‍ ഗൊഗോയി (32) ആണ് കൊല്ലപ്പെട്ടത്. അഞ്ചാം പ്രതി ഹെറോത്തി ജ്യോതിയെ നേരത്തെ പിടികൂടിയിരുന്നു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി കമ്മാലക്കടവ് കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ആളാണ് കൊല്ലപ്പെട്ട പഞ്ചൽ. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ അസം വിട്ട് കൊച്ചിയില്‍ എത്തിയത്.
ഇവിടെ മലയാളികള്ക്കൊപ്പമായിരുന്ന ജോലി ചെയ്തിരുന്നത്. പ്രതികളായ അഞ്ചംഗ സംഘം കഴിഞ്ഞ മാസമാണ് ഫോര്‍ട്ട്കൊച്ചിയില്‍ എത്തിയത്. നാട്ടില്‍ വച്ചു തന്നെ ശത്രുതയിലായിരുന്ന പഞ്ചലും ഒന്നാം പ്രതി ജഗത്തും കൊച്ചില്‍ വച്ച് നേരില്‍ കാണുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷം പ്രതികള്‍ ബോട്ടില്‍ ഇരുന്ന് മദ്യപിച്ചു.
തുടര്‍ന്ന് പഞ്ചലിന് ഫോണില്‍ വിളിച്ച് ബോട്ടിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ഇവരുടെ വാക്കുകേട്ട് ബോട്ടിലെത്തിയ പഞ്ചലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കായലില്‍ തള്ളുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
28നാണ് പഞ്ചലിന്റെ മൃതദേഹം കൊച്ചി തീരത്ത് അടിയുന്നത്. തുടര്‍ന്ന് മുങ്ങി മരണത്തിന് പോലീസ് കേസ് എടുത്തു. എന്നാല്‍, സംശയം തോന്നിയ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.