പത്തനംതിട്ട: കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളുമായി ആരംഭിച്ച കര്‍ഷക ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കടലാസുകളിലൊതുങ്ങി.
പത്തനംതിട്ട ജില്ലയില്‍ റാന്നി, കോന്നി വനംഡിവിഷനുകളില്‍ ചുരുക്കം ചില ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് കര്‍ഷക ജാഗ്രതാസമിതികള്‍ നിലവില്‍ വന്നത്.
ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ കര്ഷകന് അധികാരമുണ്ടെന്നു വ്യക്തമാക്കുന്ന വനംവകുപ്പ് തന്നെയാണ് നടപടികളില്‍ മെല്ലപ്പോക്കു നയം സ്വീകരിച്ചത്്.
വനംവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സമിതികള്‍ രൂപീകരിക്കേണ്ടത്. സമിതിയുടെ ശിപാര്‍ശ പ്രകാരം ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്തി അതാത് പ്രദേശത്തു പന്നിയെ വെടിവയ്ക്കാന്‍ നിയോഗിക്കണം.
ഒരു പന്നിയെ കൊന്നാല്‍ 1000 രൂപ പ്രതിഫലവും ലഭിക്കും. എന്നാല്‍ ഉത്തരവിറങ്ങി ആറുമാസം പിന്നിട്ടപ്പോഴും ജില്ലയില്‍ നാമമാത്രമായി മാത്രമേ കാട്ടുപന്നികളെ കൊല്ലാന്‍ ആയിട്ടുള്ളൂ.
അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം മൂന്ന് പന്നികളെ കൊന്നു. അങ്ങാടിയില്‍ ഒരെണ്ണത്തിനെയും കൊന്നു. ജാഗ്രതാസമിതിയുടെ നിയന്ത്രണത്തില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പന്നിയെ കൊന്നത് ഇത്രയും മാത്രമാണ്.
Sരത്തെ അരുവാപ്പുലത്ത് വനപാലകര്‍ ഒരെണ്ണത്തിനെ കൊന്നിരുന്നു. കോന്നി ഡിവിഷനില്‍ ലൈസന്‍സുള്ള ഒരാള്‍ക്കു മാത്രമാണ് ഇപ്പോഴും വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
പടിഞ്ഞാറന്‍ മേഖലയിലേക്കുവരെ കാട്ടുപന്നി ശല്യം രൂക്ഷമാകുമ്പോഴും ഇവയെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ കാര്യക്ഷമമാക്കാന്‍ വനംവകുപ്പിനും കഴിയുന്നില്ല.
വെടിവയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി നീട്ടിയെങ്കിലും അനുമതി ഉള്ളവര്‍ക്കു പോലും തോക്ക് സറണ്ടര്‍ ചെയ്യേണ്ടിവരുന്ന സാഹചര്യം കര്‍ഷകരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ കഴിയുന്നതിനു പിന്നാലെ തോക്ക് തിരികെ ലഭിക്കുമെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ വീണ്ടും തോക്ക് തിരികെ നല്‍കേണ്ടിവരും. വനപാലകര്‍ ഇടപെട്ട് പന്നിയെ വെടിവയ്ക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ക്കുള്ളത്.