സിജോ പൈനാടത്ത്
കൊച്ചി: കേരളത്തില്‍ കൃഷിക്കും കര്‍ഷകര്‍ക്കും ദുരിതമാകുന്ന കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാന്‍ 2011 മുതല്‍ പഞ്ചായത്തുകള്‍ വഴി നടപടികള്‍ സ്വീകരിച്ചെന്നു സംസ്ഥാന സര്‍ക്കാരിന്റെ വിചിത്രവാദം. പഞ്ചായത്തുകള്‍ വഴി എന്തെല്ലാം ചെയ്തെന്ന കേന്ദ്രത്തിന്റെ ചോദ്യത്തോടു കേരളത്തിനു മറുപടിയുമില്ല.
കേന്ദ്രസര്‍ക്കാരില്‍നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു കാലങ്ങളായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കാട്ടുപന്നി വിഷയത്തില്‍ കേരളത്തിന്റെ ഒളിച്ചുകളി പുറത്തുവന്നത്.
കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളിലൊന്നും അതിനെ വെടിവയ്ക്കാനോ കൊല്ലാനോ പഞ്ചായത്തുകള്‍ക്കോ കര്‍ഷകര്‍ക്കോ അധികാരമില്ലെന്നിരിക്കെയാണു സര്‍ക്കാരിന്റെ മറിച്ചുള്ള വിശദീകരണം.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ മൂന്നിലാണു കാട്ടുപന്നികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങി മനുഷ്യജീവനോ കൃഷിക്കോ നാശമുണ്ടാക്കിയാല്‍ വെടിവച്ചുകൊല്ലാനുള്ള അനുമതി വനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്.
കൃഷി എത്ര നശിപ്പിച്ചാലും കര്‍ഷകര്‍ കാട്ടുപന്നിയെ കൊല്ലുന്നതു നിലവില്‍ ശിക്ഷാര്‍ഹമാണ്.കാട്ടുപന്നിയെ ഷെഡ്യൂള്‍ അഞ്ചിലെ ക്ഷുദ്രജീവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനായി 2020 നവംബര്‍ ഒന്നിനു സംസ്ഥാനം നല്കിയ കത്ത് കേന്ദ്രം തള്ളി.
കാട്ടുപന്നി ശല്യം നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം കൊടുത്തു പ്രശ്നം പരിഹരിക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാനവിഷയത്തില്‍ പഞ്ചായത്ത് അധ്യക്ഷന്മാര്ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
ആറു മാസത്തിനുശേഷമാണു കഴിഞ്ഞ ജൂണ്‍ 17നു കേരളം വിഷയത്തില്‍ വീണ്ടും കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തെ സമീപിക്കുന്നത്. കാട്ടുപന്നി ശല്യത്തെ നേരിടാന്‍ 2011 മുതല്‍ പഞ്ചായത്തുകള്‍ വഴി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതു ഫലപ്രദമാകാത്തതിനാലാണു കേന്ദ്രത്തെ സമീപിക്കുന്നതെന്നും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ മന്ത്രാലയത്തിനു നല്കിയ കത്തില്‍ വ്യക്തമാക്കി.
ഈ കത്തിനുള്ള മറുപടി ജൂലൈ എട്ടിനു തന്നെ കേന്ദ്രം നല്കി. 2011 മുതല്‍ പഞ്ചായത്തുകള്‍ മുഖേന കാട്ടുപന്നികളെ നശിപ്പിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണു കേന്ദ്രം ആവശ്യപ്പെട്ടത്.
രണ്ടു മാസം കഴിഞ്ഞിട്ടും കേരളം കേന്ദ്രത്തിനു റിപ്പോര്‍ട്ട് അയച്ചിട്ടില്ലെന്നു വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ലഭിച്ച കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്റെ (കിഫ) ചെയര്മാന് അലക്സ് ഒഴുകയില്‍ ചൂണ്ടിക്കാട്ടി.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ആത്മാര്‍ഥമല്ല. കര്‍ഷകരുടെ കണ്ണില്‍ പൊടിയിട്ട് പരമാവധി കാലം എങ്ങനെ ക്ഷുദ്രജീവിയാക്കാതെ നോക്കാം എന്നുള്ളതുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദേഹം ആരോപിച്ചു.
കാട്ടുപന്നി വിഷയത്തില്‍ കിഫ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വാദത്തിലും കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
തെലങ്കാനയിലുണ്ട് ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന്
കാട്ടുപന്നി ഉള്‍പ്പടെ കര്‍ഷകര്‍ക്കും കൃഷിക്കും ദുരിതമാകുന്ന ജീവികളെ വെടിവച്ചുകൊല്ലാന്‍ തെലങ്കാനയില്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ അവിടെ ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന്മാര് കൂടിയാണ്.
കര്‍ണാടക, ഉത്തരാഘണ്ഡ് എന്നിവിടങ്ങളില്‍ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം കേന്ദ്രം, കാട്ടുപന്നിയെ ഷെഡ്യൂള്‍ അഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.