വണ്ണപ്പുറം: കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കാളിയാർ വെളിപ്പറന്പിൽ അനിലിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നി വീണത്.
രാവിലെ കിണറ്റിൽനിന്നും അസാധാരണമായ ശബ്ദംകേട്ട് നോക്കുന്പോഴാണ് ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ കാട്ടുപന്നി വീണതായി കാണുന്നത്. ഉടൻതന്നെ കാളിയാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
അവർ സ്ഥലത്തെത്തി കോതമംഗലം ഡിഎഫ്ഒയെ വിവരം അറിയിച്ചതിനെത്തുടർന്ന് പന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുകയായിരുന്നു.
കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പു തയാറാക്കിയിട്ടുള്ള പാനൽ ലിസ്റ്റിൽപ്പെട്ട റാത്തപ്പിള്ളിൽ ബിനോയി എത്തി കിണറ്റിൽതന്നെ പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.
പന്നിക്ക് 70 കിലോയോളം തൂക്കമുണ്ടായിരുന്നു.കരയ്ക്കുകയറ്റിയ പന്നിയുടെ ജഡം കാളിയാർ റേഞ്ച് ഓഫീസ് വളപ്പിൽ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു.
കിണർ വനം വകുപ്പ് തേകി വൃത്തിയാക്കി നൽകി.റേഞ്ച് ഓഫീസർ തന്പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സത്യപാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുജീബ്, അനന്തു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.