തിരുവില്വാമല: തിരുവില്വാമല ടൗണിലും പരിസരപ്രദേശങ്ങളിലുമായി കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം അഞ്ചുപേർക്കു പരിക്കേറ്റു. തിരുവില്വാമല കാട്ടുകുളം മഠത്തിക്കുന്നേൽ പോൾ ജെയിംസിന്റെ ഭാര്യ എൽസി (51), സിഐടിയു യൂണിയൻ തൊഴിലാളി വിജയൻ (50), പട്ടിപ്പറന്പ് സുന്ദരൻ (46), ആക്കപ്പറന്പ് രതീഷ് (24), ഒരലാശേരി രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നുരാവിലെ 8.30ഓടെയാണ് സംഭവം. സിഐടിയു യൂണിയൻ ഓഫീസ് പരിസരത്ത് നിൽക്കുകയായിരുന്ന വിജയനെ റോഡിൽവച്ച് പന്നി കുത്തിവീഴ്ത്തുകയായിരുന്നു. പിന്നീട് സുന്ദരനെയും കുത്തി അടുത്തുള്ള വീടിന്റെ പൂട്ടിയിട്ട ഗേയിറ്റ് തകർത്ത് ആക്കപ്പറന്പ് മാരിയമ്മൻ കോവിലിൽവച്ച് രതീഷിനെ ആക്രമിച്ചു.
പിന്നീട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഓടി കയറിയ പന്നി സമീപത്തെ പോൾ ജെയിംസിന്റെ വീട്ടിൽ കയറി ഭാര്യ എൽസിയെ കുത്തിപരിക്കേൽപ്പിച്ച് വീട്ടുകിണറ്റിൽ വീണു. മായന്നൂർ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയെ കിണറ്റിൽനിന്ന് കയറ്റാനുള്ള ശ്രമത്തിലാണ്.
പന്നിയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്. പരിക്കേറ്റ അഞ്ചുപേർ തിരുവില്വാമല സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. സാരമായി പരിക്കേറ്റ വിജയനെ പിന്നീട് ഒറ്റപ്പാലത്തേക്കു കൊണ്ടുപോയി.