മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയ്ക്കരികേ തൊടുകാപ്പിലും പരിസരപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമായെന്ന് പരാതി. ഇത് കാൽനട, വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയായി. ഏതാനും ആഴ്ചമുന്പ് ഓട്ടോയ്ക്കുനേരെ പന്നിക്കൂട്ടം വന്നിടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.
തൊടുകാപ്പിൽ റോഡിന് ഇരുഭാഗത്തും വനമാണ്. റോഡ് മുറിച്ചുകടക്കുന്ന പന്നിക്കൂട്ടങ്ങളാണ് യാത്രക്കാർക്കും മറ്റും ഭീഷണിയാകുന്നത്. ആറുമാസത്തിനിടെ വാഹനങ്ങളിൽ പന്നികൾ വന്നിടിച്ച് പത്തിലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ പന്നികളിൽനിന്നും രക്ഷനേടുന്നതിനു വനമുള്ള ഭാഗത്ത് മുള്ളുവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
കരിങ്കല്ലത്താണി ജംഗ്ഷൻ കഴിഞ്ഞ് വലിയ ഇറക്കമായതിനാൽ ഈ ഭാഗത്തെത്തുന്പോൾ വാഹനങ്ങൾക്ക് വേണ്ടത്ര വേഗതയുണ്ടാകും. വനംവകുപ്പാകട്ടെ ഈ മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു.
ദേശീയപാത നിർമാണം പൂർത്തിയായതോടെ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഇതുവഴി വേഗതയും വർധിച്ചു.