ചിറ്റൂർ: ബൈക്ക് യാത്രയ്ക്കിടെ യുവാവിനു രണ്ടു പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇക്കഴിഞ്ഞദിവസം രാത്രി എട്ടിന് ആലാംകടവ്-കന്നിമാരി പ്രധാനപാത നർണിയിലാണ് തിമ്മിചെട്ടി വിനോദിനെ (20) ബൈക്ക് യാത്രയ്ക്കിടെ പന്നി ആക്രമിച്ചത്.താഴെ വീണ യുവാവിനെ പന്നികൾ വീണ്ടും ആക്രമിക്കാൻ തുനിഞ്ഞെങ്കിലും ബൈക്കിന്റെ ഹോണ്‍ നിർത്താതെ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് ഇവ തിരിച്ചുപോകുകയായിരുന്നു.
ബൈക്കിനടിയിൽനിന്നും ഇതുവഴി എത്തിയ യാത്രക്കാരാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ചിറ്റൂർപുഴയുടെ കരപ്രദേശങ്ങളായ നർണി, ആലാംകടവ്, കല്യാണപേട്ട, പുത്തൻപാത എന്നിവിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്.
രാത്രികാലത്ത് റോഡിലൂടെ തനിച്ചുപോകാൻപോലും ജനങ്ങൾ ഭയപ്പെടുകയാണ്. നെൽകൃഷിക്കു പുറമേ ചേന്പ്, ചേന, പൂള ഉൾപ്പെടെയുള്ള കാർഷികവിളകൾ പന്നികൾ കൂട്ടത്തോടെ ഉഴുതുമറിച്ചു നശിപ്പിക്കുകയാണ്. ജനവാസകേന്ദ്രത്തിൽ പന്നിശല്യം വർധിക്കുന്നത് വനംവകുപ്പിനെ അറിയിച്ചാലും നടപടിയുണ്ടാകാത്തത് പ്രതിഷേധം ശക്തമാണ്.
പന്നി ആക്രമണം പ്രതിരോധിക്കാൻ ഇവയെ വെടിവയ്ക്കുന്നതിനു വനംവകുപ്പിന് അനുമതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.