പത്തനംതിട്ട: കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷം. വനത്തിൽ നിന്നു കിലോമീറ്ററുകൾക്കപ്പുറത്തെ പ്രദേശങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം എത്തുന്നത്. മരച്ചീനി, കിഴങ്ങുവർഗങ്ങൾ എന്നിവ വിളവെടുപ്പുകാലമായതോടെ പന്നിയുടെ ശല്യം അതിരൂക്ഷമായി. ഒരു വിളവും കർഷകനു ലഭിക്കാത്ത സ്ഥിതിയുണ്ട്.
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ നിന്നു മാറി ടൗണ് പ്രദേശത്തിനടുത്തുവരെ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. നാട്ടിൻപുറങ്ങളിൽ കയറിക്കിടക്കാൻ കുറ്റിക്കാടുകൾ ഏറെയുണ്ടായതോടെ പന്നിക്കൂട്ടം കാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയാണിപ്പോൾ. സീതത്തോട്, ചിറ്റാർ, വടശേരിക്കര, പെരുനാട്, നാറാണംമൂഴി, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, കലഞ്ഞൂർ, കൊടുമണ്, ഏഴംകുളം, കോട്ടാങ്ങൽ, കൊറ്റനാട്, അങ്ങാടി, റാന്നി, ചെറുകോൽ, മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട്, പ്രമാടം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.
വിളവുകൾ നശിപ്പിക്കുന്നതിനൊപ്പം പച്ചക്കറി, നെല്ല് എന്നിവ കുത്തിമറിച്ചിടാനും ശ്രമിക്കുകയാണ്.കാട്ടുപന്നിക്കൂട്ടം റോഡിലേക്കിറങ്ങുന്നത് യാത്രക്കാർക്കും ഭീഷണിയാണ്. ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരുമാണ് ഇവയുടെ ഭീഷണി ഏറ്റവുമധികം നേരിടുന്നത്.
കാൽനടക്കാർക്കുനേരെയുള്ള ആക്രമണങ്ങൾ പലയിടങ്ങളിലുമുണ്ടായി. ഇരുചക്രവാഹനയാത്രക്കാരും പന്നിയെ ഇടിച്ചു തെറിപ്പിച്ച് അപകടത്തിൽപെടുന്നത് പതിവു സംഭവമായി. കൃഷിയിടങ്ങലിൽ പതിയിരിക്കുന്ന കാട്ടുപന്നികൾ കർഷകരെ ആക്രമിക്കുന്നതും പതിവു കാഴ്ചയാണ്. ടാപ്പിംഗ് തൊഴിലാളികളും ഇവയുടെ ആക്രമണത്തിനു വിധേയരാകേണ്ടിവരുന്നു. നിരവധി കർഷകരാണ് ഇതിനോടകം പന്നിയുടെ പതിയിരുന്നുള്ള ആക്രമണത്തിനു വിധേയരായിട്ടുള്ളത്.
പത്തനംതിട്ട: കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായിരിക്കേ അവയെ കൊല്ലാനുള്ള അനുമതി നൽകിക്കൊണ്ടുള്ള പുതിയ വ്യവസ്ഥകളിലും നൂലാമാലകളേറെ. ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ വ്യവസ്ഥകൾ ഏറെയും അപ്രായോഗികമാണ്.
കൃഷിയിടങ്ങളിൽ നിരന്തരം ശല്യമുണ്ടാക്കുന്ന പന്നികളെ ഉപാധികളോടെ മാത്രമേ കർഷകർക്കു വകവരുത്താനാകൂ. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഉത്തരവിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതനുസരിച്ച വ്യവസ്ഥകൾ പ്രകാരം നടപടി സാധ്യമല്ലെന്ന് കർഷകർ പറയുന്നു.
വെടിവയ്ക്കാൻ വ്യവസ്ഥകളേറെ
മനുഷ്യവാസ കേന്ദ്രങ്ങളിൽ യാദൃച്ഛികമായി എത്തുന്ന പന്നികളെ കൊല്ലാൻ പാടില്ലെന്നതാണ് ഉത്തരവിലെ പ്രധാന വ്യവസ്ഥ. കൃഷി നശിപ്പിക്കുന്ന പന്നി യാദൃച്ഛികമായിട്ടാണോ എത്തിയതെന്ന് ആരിൽ നിന്ന് അന്വേഷിക്കുമെന്നതാണ് കർഷകരുടെ സംശയം. മനുഷ്യനോ കൃഷിക്കോ നാശമുണ്ടാക്കുന്നവയെ കൊല്ലാമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഉപാധികളാണ് കർഷകരെ വലയ്ക്കുന്നത്.
പന്നിയെ വെടിവച്ചു കൊല്ലുന്ന പ്രദേശം കഴിഞ്ഞ മൂന്നവർഷത്തിനിടെ ഒരു തവണയെങ്കിലും മനുഷ്യന് ഇവയിൽ നിന്ന് ആക്രമണം നേരിട്ട പ്രദേശമാണെന്ന് സർട്ടിഫിക്കറ്റ് തോക്ക് എടുക്കുന്നതിനു മുന്പേ കൈയിൽ കരുതുന്നത് നല്ലതാണ്. കൂടാതെ ഈ സ്ഥലത്ത് മൂന്നുവർഷത്തിനുള്ളിൽ കൃഷിനാശത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയെങ്കിലും ലഭിച്ച സ്ഥലമായിരിക്കണം.
പന്നിയെ വെടിവയ്ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ബന്ധപ്പെട്ട സമിതി സ്ഥലസന്ദർശനം നടത്തി റിപ്പോർട്ട് കരുതിവയ്ക്കണം. മൃഗം പ്രശ്നമുണ്ടാക്കുന്നതാണെന്ന് വ്യക്തമായി തിരിച്ചറിയണമെന്നും ഇത് മുലയൂട്ടുന്നതല്ലെന്ന് ഉറപ്പാക്കുകയും വേണം. മതിയായ പരിശീലനം ലഭിച്ച വനം അല്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥനു മാത്രമേ പുതിയ വ്യവസ്ഥകൾ പ്രകാരം കാട്ടുപന്നിയെ വെടിവയ്ക്കാൻ അധികാരമുള്ളൂ.
ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനു രേഖാമൂലം ഉത്തരവ് നൽകണം. ഉത്തരവ് നൽകിയ വിവരം ചീഫ് വൈൽഡ് ലൈഫ് വാർഡനെ ഫോണിലോ ഫാക്സിലോ തത്സമയം അറിയിക്കണം. വനം റേഞ്ച് ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വാച്ചർമാർ, വനസംരക്ഷണ ഉദ്യോഗസ്ഥർ, പരിശീലനം ലഭിച്ച മൃഗസംരക്ഷണ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് ഉണ്ടാകണം.
പഞ്ചായത്ത് പ്രസിഡന്റും അംഗവും സ്ഥലത്തുണ്ടാകണം. പൊതുജനത്തെ നിയന്ത്രിക്കാൻ പോലീസ് സാന്നിധ്യവും ഉറപ്പാക്കണം. വെടിവയ്ക്കുന്നതിനിടെ പന്നി കാട്ടിലേക്ക് കയറിയാൽ ശ്രമം ഉപേക്ഷിക്കണം. ജഡം സൂക്ഷ്മമായി പരിശോധിച്ച് മഹസർ തയാറാക്കി സൗകര്യപ്രദമായി പോസ്റ്റുമോർട്ടം നടത്തി മറവ് ചെയ്യണം. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയോ അഞ്ച് അടി താഴ്ചയിൽ കുഴി നിർമിച്ച് മറവു ചെയ്യുകയോ വേണം.