പത്തനംതിട്ട: കാർഷിക മേഖലയിലെ കാട്ടുപന്നികളുടെ ഉപദ്രവത്തിന് പരിഹാരം കാണാൻ അവയെ നശിപ്പിക്കാൻ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നല്കണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് എൻ. എം. രാജു പുതുവർഷപ്പുലരിയിൽ പത്തനംതിട്ട കളക്ടറേറ്റിനു മുന്പിൽ ഉപവാസം അനുഷ്ഠിക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.
കാട്ടുമൃഗശല്യം കാരണം ജനങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കേരള കോണ്ഗ്രസ് -എം നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലയിലാകെ കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. മുന്പ്് വനാതിർത്തിയിലുള്ള പ്രദേശങ്ങളിലായിരുന്നു ഇവയുടെ ശല്യം കൂടുതലായുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇവ പട്ടണപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. കാട്ടുപന്നി, ആന, മയിൽ, പെരുന്പാന്പ്, കുരങ്ങ് തുടങ്ങിയവ ജനവാസകേന്ദ്രങ്ങൾ കീഴടക്കിയിരിക്കുകയാണ്.
കാട്ടുപന്നികൾ എല്ലാത്തരം കാർഷിക വിളകളും നശിപ്പിക്കുന്നു. റബ്ബർ തൊലി കടിച്ച് നശിപ്പിക്കുന്നു. തെങ്ങിൻ തൈകൾ നടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും പന്നികളുടെ ആക്രമണം മൂലം മരണപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. മാസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിയുന്നവരുണ്ട്. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നല്കണം.
ശല്യമുണ്ടാക്കുന്ന പന്നികളെ കണ്ടാൽ കമ്മിറ്റി വിളിച്ചുകൂട്ടി തീരുമാനമെടുത്ത് വനംവകുപ്പിനെ അറിയിച്ച് പന്നിയുടെ എല്ലാ ശാരീരികഅവസ്ഥയും പരിശോധിച്ചതിനു ശേഷം കൊല്ലാം എന്നു പറഞ്ഞാൽ അത് പ്രായോഗികമല്ല. വന്യജീവികളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ വനാതിർത്തിയിൽ വേലിയോ മതിലോ കെട്ടി നാട്ടിൻ സംരക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഒന്നിനു രാവിലെ ഒന്പതിന് പാർട്ടി ഉന്നതാധികാരസമിതിയംഗം ജോസഫ് എം. പുതുശേരിയുടെ അധ്യക്ഷത യിൽ ജോസ് കെ. മാണി എംപി ഉപവാസം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ജയരാജ് എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് എൻ. എം. രാജു, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം പി. കെ. ജേക്കബ് എന്നിവർ പങ്കെടുത്തു.