എരുമേലി: മേഖലയിൽ കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ നാളെ രാവിലെ 11 ന് മുക്കൂട്ടുതറ വളകൊടി ഓഡിറ്റോറിയത്തിൽ യോഗം വിളിച്ചുചേർത്തു.
ഈ യോഗത്തിൽ ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കും. ഈ സമിതിയുടെ ശിപാർശ പ്രകാരമാണ് വെടി വയ്ക്കൽ നടത്തുന്നതിന് ഡിഎഫ്ഒ അനുമതി നൽകുക.
നിറയൊഴിക്കാൻ വിദഗ്ധരും പരിശീലനം നേടിയവരുമായ ലൈസൻസ് തോക്കുള്ളവരെ ഉപയോഗിച്ചാണ് വെടി വയ്ക്കുക. ഇതിനായി ആളുകളെ തെരഞ്ഞെടുത്ത് വനപാലകർക്കൊപ്പം നിയോഗിക്കും.
പിടികൂടുന്ന കാട്ടുപന്നികളെ വനം വകുപ്പിന് കൈമാറും. പ്രവർത്തനങ്ങൾ ജനകീയ ജാഗ്രതാ സമിതി നിരീക്ഷിക്കും. കർഷക പ്രതിഷേധം മൂലം നിവൃത്തിയില്ലാതെയാണ് യോഗം വിളിക്കാൻ വനം വകുപ്പ് നിർബന്ധിതരായത്.
മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ വെടിവച്ച് കൊല്ലണമെന്ന ആവശ്യം പ്രമേയമായി പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചത് എരുമേലി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പ്രകാശ് പുളിക്കൻ ആയിരുന്നു.