പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിന്നുകുഴിയിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പന്നിഫാമുകൾ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ല. മലിനീകരണം നിർബാധം തുടരുന്ന ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുകയാണ്.
രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഫാമുകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥനെ തിടുക്കത്തിൽ ചുമതലയിൽനിന്നും നീക്കി.
മുഖം നോക്കാതെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഫാമുകളിൽ നിന്ന് പുറംതള്ളുന്ന മലിനജലം പ്രദേശത്തെ നീർച്ചാലുകൾ വഴി താഴെയുള്ള പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും മാരകമായ നിലയിൽ മലിനമാക്കുകയാണ്.
കല്ലായിച്ചിറ തോടുവഴി മണലിപ്പുഴയിലേക്കും മാലിന്യം എത്തുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. നിലവിൽ ഏഴോളം ഫാമുകൾ ആണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്.
ഇതിൽ ഒരെണ്ണം ഒഴികെയുള്ള മറ്റ് ഫാമുകൾ എല്ലാം മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അതിനാൽ ഫാമുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഫാം ഉടമകൾക്ക് ബോർഡ് കത്ത് നൽകുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെനടത്തിയ പരിശോധനയിലും മലിനീകരണം ബോധ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയും ഫാമുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നിട്ടും ഫാമുകളുടെ പ്രവർത്തനം തുടർന്ന സാഹചര്യത്തിലാണ് നടപടികളുമായി മുന്നോട്ടു പോകാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യുവിനെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയോടെ ഫാമുകളുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്പോഴാണ് ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് ഒഴിവാക്കിയത്.
നീർച്ചാലുകളും പുഴകളും ശുദ്ധീകരിക്കുന്ന തെളിനീരൊഴുകുന്ന കേരളം എന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്പോഴാണ് പാണഞ്ചേരിയിൽ ജലസ്രോതസ്സുകളെ മലിനമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ നടപടി എടുക്കുന്നില്ലെന്ന ആരോപണം ഉയരുന്നത്.