പത്തനംതിട്ട: മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ തുരത്താനുള്ള അധികാരം താഴെത്തട്ടിലേക്കു നൽകി പുറത്തിറക്കിയ ഉത്തരവും കർഷകനു ഗുണകരമല്ല. ശല്യമുണ്ടാക്കുന്ന പന്നികൾ പ്രശ്നകാരികളെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ നേരത്തെയുള്ള ഉത്തരവുകൾ അനുസരിച്ചു വനം ഡിവിഷണൽ ഓഫീസർക്കും വൈൽഡ് ലൈഫ് വാർഡനും വെടിവയ്ക്കാനുള്ള നിർദേശം നൽകാമെന്നതാണു പുതിയ തീരുമാനം. നേരത്തെ ഇത്തരത്തിൽ ഒരു നിർദേശം നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമായിരുന്നു.
എന്നാൽ, മനുഷ്യവാസ കേന്ദ്രത്തിൽ യാദൃച്ഛികമായി പെട്ടുപോകുന്ന പന്നികളെ അധികാരം ഉപയോഗിച്ചു കൊല്ലാൻ പാടില്ലെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും കാട്ടുപന്നി ആക്രമണമുണ്ടായിട്ടുള്ള വാർഡുകളിൽ കടന്നുവരുന്ന പ്രശ്നക്കാരായ പന്നികളെ പരിഗണിക്കാം. മൂന്നു വർഷത്തിനുള്ളിൽ കൃഷിയിടത്തിലുണ്ടായ നഷ്ടങ്ങൾക്ക് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകിയിട്ടുള്ള വാർഡുകളിലും ഇത്തരത്തിൽ നടപടി സ്വീകരിക്കാം.
നേരത്തേയുള്ള മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടു മാത്രമേ കാട്ടുപന്നിയെ കൊല്ലാനാകൂ. ഗർഭിണികളോ മുലയൂട്ടുന്നതോ ആയ പന്നികളെ കൊല്ലരുത്.
തീവ്രമായ ശല്യമുള്ള പന്നികളാണെന്നു ഡിഎഫ്ഒയോ വൈൽഡ് ലൈഫ് വാർഡനോ അധ്യക്ഷനും പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം, റേഞ്ച് ഓഫീസർ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ നിർദേശിക്കുന്ന സർക്കാരിതര ഏജൻസിയുടെ പ്രതിനിധി എന്നിവർ ചേർന്ന കമ്മിറ്റി വിലയിരുത്തും. ഇത്തരത്തിൽ സമിതിയുടെ ശിപാർശയോടെ മാത്രമേ ബന്ധപ്പെട്ട വാർഡുകളിൽ തീരുമാനമെടുക്കാനാകൂ.
വെടിവയ്ക്കാനുള്ള അധികാരം പ്രയോഗിക്കേണ്ടിവന്നാൽ ബന്ധപ്പെട്ട വനംവകുപ്പ് മേലുദ്യോഗസ്ഥൻ തന്നെ പ്രദേശത്തെ മാലിന്യ നിർമാർജനം അടക്കമുള്ള വിഷയങ്ങൾ വിശകലനം ചെയ്യണം. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.