പേരാമ്പ്ര: വന്യമൃഗങ്ങൾ നാട്ടിലെത്തി വീടുകളിലെ ശുദ്ധജല കിണറുകളിൽ ചാടി ചാകുന്നതു പതിവായതോടെ കഷ്ടത്തിലാകുന്നത് വീട്ടുകാർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇങ്ങനെ രണ്ടു സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. ഇന്നലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പിള്ളപ്പെരുവണ്ണയിലാണു ഒടുവിലത്തെ സംഭവം. ഡ്രൈവർ പണിയെടുത്തു ജീവിക്കുന്ന കിഴക്കനാത്ത് മോഹനന്റെ കിണറ്റിലാണ് കാട്ടുപന്നി വീണുചത്തത്.
പന്നി സ്വയം വന്നു ചാടിയതാണ്. വനപാലകരെത്തിയപ്പോൾ പഴി വീട്ടുകാർക്കായി. വിഷം തിന്നാണു പന്നി ചത്തതെന്നു ഉദ്യോഗസ്ഥന്റെ ഭീഷണി. വയർ വീർത്തിരിക്കുന്നത് അതിന്റെ ലക്ഷണമെന്നണ് ഉദ്യോഗസ്ഥ ഭാഷ്യം. പന്നി കിണറ്റിൽ വീണത് ആരോടും പറയേണ്ടെന്ന താക്കീതും ഇവർ വീട്ടുകാർക്കു നൽകി. ഒടുവിൽ കിണർ വൃത്തിയാക്കാനായി മോട്ടോർ വാടകക്കെടുത്തതിനും മറ്റുമായി 2500 രൂപയോളമാണ് മോഹനന് ചെലവായത്.
മൂന്നാഴ്ച മുമ്പ് ചക്കിട്ടപാറയിലെ കണക്കഞ്ചേരിയിൽ മേരി കുരുവിളയുടെ വീട്ടുകിണറ്റിൽ വന്നു ചാടി ചത്തത് പുള്ളിമാനായിരുന്നു. ദുർഗന്ധം വമിക്കുന്നത് അന്വേഷിച്ചപ്പോഴാണു പുഴുവരിക്കുന്ന നിലയിൽ കിണറ്റിൽ ചീഞ്ഞളിഞ്ഞ മാനിന്റെ ജഢം കണ്ടെത്തിയത്. പെരുവണ്ണാമൂഴി വനപാലകരുടെ സാന്നിധ്യത്തിൽ ഇതിന്റെ അവശിഷ്ടങ്ങൾ കരക്കു കയറ്റാനും മറ്റുമായി വീട്ടമ്മക്കു നല്ല തുക ചെലവായി. പിന്നീട് പലതവണ മോട്ടോർ വാടകക്കെടുത്തു കിണർ തേകി.
പുഴുക്കളും അഴുകിയ ജഡാവശിഷ്ടങ്ങളും നിറഞ്ഞിരുന്ന കിണർ ഇതുവരെ വൃത്തിയായില്ല. ഇപ്പോഴും ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. ഗത്യന്തരമില്ലാതെ അയൽവാസിയുടെ കിണറിൽ നിന്നു വെള്ളമെടുത്താണു വയോധികയായ മേരി ചേച്ചി കുടിക്കുന്നതും ഭക്ഷണം പാചകം ചെയ്യുന്നതും.പതിനായിരത്തോളം രൂപ ചെലവായതു മിച്ചം. വന്യമൃഗങ്ങൾ നാട്ടിലെ കിണറുകളിൽ ചാടിച്ചാവുന്നതിന്റെ ഉത്തരവാദിത്തം വീട്ടുകാരുടെ തലയിൽ കെട്ടിവച്ച് വനപാലകർ കൈയ്യൊഴിയുകയാണ്.
വന്യമൃഗങ്ങൾ നാട്ടിൽ പാഞ്ഞു നടക്കുകയാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ നൽകുന്ന നഷ്ട പരിഹാരം പോലെ തന്നെ ശുദ്ധജല സ്രോതസുകൾ മലിനമാക്കുന്ന സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകുകയും വന പാലകരുടെ നേതൃത്വത്തിൽ തന്നെ ശുചീകരിക്കാനും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.