പാലക്കാട് : ജില്ലയിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകളിൽ നെൽവയലുകളിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം വിവിധ ഉപകരണങ്ങൾ സ്ഥാപിച്ചു.
കൃഷിയിട പരീക്ഷണത്തിനായി ഇവിടങ്ങളിലെ നെൽവയലുകളിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനായി പലതരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നതും വെളിച്ചം പരത്തുന്നതുമായ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. തെലങ്കാന സ്റ്റേറ്റ് കാർഷിക സർവകലാശാലയുടെ ബയോ അക്വാസ്റ്റിക് ഉപകരണമാണ് ഇതിലൊന്ന്.
ഈ ഉപകരണം മറ്റ് കാട്ടുമൃഗങ്ങളുടെ ശബ്ദം മാറി മാറി പുറപ്പെടുവിക്കുന്നു. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണത്തിന് ആറ് മുതൽ എട്ട് ഏക്കർ വിസ്തൃതിയിൽ സംരക്ഷണം നൽകാൻ സാധിക്കും. ഫാൻ ആൻഡ് പ്ലേറ്റ് ആണ് മറ്റൊരു ഉപകരണം. കാറ്റിന്റെ ഗതിക്കനുസരിച്ച് കറങ്ങുന്ന ഫാനാണിത്.
ഫാൻ കറങ്ങുന്പോൾ അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലോഹകഷ്ണം അതിനടുത്തായി വെച്ചിരിക്കുന്ന സ്റ്റീൽ പ്ലേറ്റിൽ തട്ടി ശബ്ദമുണ്ടാക്കുന്നു. ഈ ശബ്ദം കാട്ടുപന്നികളെ വികർഷിക്കും. കാറ്റുള്ളപ്പോൾ ഇടയ്ക്കിടക്ക് ശബ്ദമുണ്ടാക്കുന്നതിനാൽ അലോസരപ്പെടുത്തും.
കാറ്റത്തു ശബ്ദമുണ്ടാക്കുന്ന മറ്റൊരു ഉപകരണമാണ് പോട്ട് ആൻഡ് സ്റ്റിക്. കമഴ്ത്തി തൂക്കിയിട്ടിരിക്കുന്ന കലത്തിന്റെ വക്കത്തുമുട്ടുന്ന വിധത്തിൽ ലോഹക്കന്പി കെട്ടിത്തൂക്കിയിടുന്നു. കാറ്റിനനുസരിച്ചു ഇതിൽ നിന്നും പുറത്തു വരുന്ന ശബ്ദവും കാട്ടുപന്നികളെ അകറ്റുന്നു.
വർണപ്രകാശം പുറപ്പെടുവിച്ചു കറങ്ങുന്ന ബൾബാണ് കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിനുള്ള അടുത്ത മാർഗം. പല കളറിലുള്ളതും ഒരിടത്തു ഉറച്ചു നിൽക്കാത്തതുമായ പ്രകാശം കാട്ടുപന്നികളെ ഭയപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.