കൽപ്പറ്റ: കൃഷിയിടങ്ങളിൽ നിരന്തരശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ടു സർക്കാർ മേയ് 18നു ഇറക്കിയ ഉത്തരവും വയനാട്ടിലെ കർഷകർക്കു ഗുണം ചെയ്യില്ല. ലൈസൻസുള്ള തോക്ക് കൈവശമുള്ള കർഷകർ പേരിനുപോലും ഇല്ലാത്തതാണ് ഉത്തരവ് ജില്ലയിൽ പ്രയോജനപ്പെടാത്തതിനു കാരണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 500 ഓളം കർഷകർക്കാണ് തോക്കു ലൈസൻസ് ഉണ്ടായിരുന്നത്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ പോലീസ് നിർദേശിച്ചതനുസരിച്ചു സ്റ്റേഷനുകളിൽ ചാരിയ തോക്കുകൾ കർഷകർക്കു വിട്ടുകൊടുക്കുകയോ ലൈസൻസ് പുതുക്കിനൽകുകയോ ചെയ്തിട്ടില്ല.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ വൈൽഡ്ലൈഫ് വാർഡനോ രേഖാമൂലം അനുമതി നൽകുന്ന മുറയ്ക്കു വെടിവച്ചുകൊല്ലാൻ ലൈസസൻസുള്ള തോക്കുള്ളയാളെ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. ജനജാഗ്രതാസമിതിയുടെ ശിപാർശ സഹിതം ലഭിക്കുന്ന പരാതികൾ പരിശോധിച്ചാണ് ഡിഎഫ്ഒയും വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകേണ്ടത്.
കൈവശം ലൈസൻസുള്ള തോക്കില്ലാതിരിക്കെ, ഡിഎഫ്ഒ/ വൈൽഡ്ലൈഫ് വാർഡൻ തയാറാക്കുന്ന പാനലിൽ കർഷകർക്കു ഇടം ഉണ്ടാകില്ലെന്നു ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ എൻ.ജെ. ചാക്കോ പറഞ്ഞു.
കൃഷിയിടങ്ങളിൽ ഒറ്റക്കും കൂട്ടത്തോടെയും ഇറങ്ങുന്ന കാട്ടുപന്നികളെ പുതിയ ഉത്തരവിൽ പറയുന്ന നടപടിക്രമങ്ങൾ പാലിച്ചു കൊല്ലുന്നതു സുഗമമല്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ മുൻകൂർ അനുവാദം ഇല്ലാതെതന്നെ ഏതുവിധേനയും കൊല്ലുന്നതിനുള്ള അനുമതിയാണ് കർഷകർക്കു ആവശ്യമെന്നു ഹരിതസേന ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ പറഞ്ഞു.
കാട്ടുപന്നികൾ പെറ്റുപെരുകിയതുമൂലം ഒരിനം ഭക്ഷ്യവിളയും കൃഷിചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിൽ ഭൂരിപക്ഷം പ്രദേശങ്ങളിലുമുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.