കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചുകൊന്നത്.
പഞ്ചായത്തിന്റെ അനുമതിയോടെയാണ് വെടിവച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവച്ചത്.
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പുതിയ ഉത്തരവ് വന്നശേഷമുള്ള ആദ്യത്തെ സംഭവമാണിത്.
കാട്ടുപന്നി ശല്യം രൂക്ഷം
ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്.
ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ്ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്.
അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്ഫോടകവ്സതുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല.
സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം.
അനുമതിയുടെ മറവില്‍…
അതേസമയം കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് ഇന്നലെ വ്യക്തമാക്കിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം നപടിയെടുക്കും.
പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.