പത്തനംതിട്ട: വനമേഖലയില്‍ നിന്നു കിലോമീറ്ററുകള്‍ക്കപ്പുറത്താണ് പത്തനംതിട്ട നഗരം. പക്ഷേ നഗരത്തിലെ കര്‍ഷകര്‍ ഇന്ന് കാട്ടുപന്നിയുടെ തീരാശല്യത്തിലാണ്. കൃഷിയിടങ്ങളില്‍ നിന്ന് വിളവുകള്‍ ഒന്നും ലഭിക്കുന്നില്ല.
ഇത്തരമൊരു അവസ്ഥയില്‍ പന്നിയെ തുരത്താന്‍ നൂതന മാര്‍ഗവുമായി ശ്രദ്ധേയനാകുകയാണ് ജോര്‍ജ് വര്‍ഗീസെന്ന ബാബു. വനമേഖലയില്‍ കണ്ടുവരുന്ന ഏറുമാടം നഗരത്തിലെത്തിയതിന്റെ പിന്നിലെ കഥയും ഇതാണ്.
കോന്നിയിലെ തേക്കുതോടു നിന്ന് ഒന്നര വര്‍ഷം മുമ്പാണ് ബാബു പത്തനംതിട്ട നഗരസഭ മുന്നാം വാര്‍ഡായ വഞ്ചിപ്പൊയ്കയില്‍ എത്തുന്നത്. വളരെ ചെറുപ്പത്തിലെ തേക്കുതോട് ഏഴാന്തലയില് കുടിയേറിയതാണ്.
തേക്കുതോട്ടില്‍ നടത്തി വന്ന വ്യാപാരം എല്ലാം പൊളിഞ്ഞതോടെയാണ് വസ്തു വകകള്‍ വിറ്റ് കടമെല്ലാം വീട്ടിയശേഷം പത്തനംതിട്ട വെട്ടിപ്പുറത്ത് ഒരു വാടക വീട്ടില്‍ താമസമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് വഞ്ചിപ്പൊയ്കയില്‍ ഒന്നര എക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. 500 മൂട് ചേന, 150 മൂട് ചേമ്പ്, കപ്പ, കാച്ചില്, പച്ചക്കറികള്‍ തുടങ്ങി വിവിധ വിളകള്‍ നട്ടുപിടിച്ചിച്ചു.
പതുക്കെ പന്നിശല്യവും തുടങ്ങി. ഇതോടെയാണ് ഏറുമാടത്തെ കുറിച്ച് ആലോചിച്ചത്. ഒരാഴ്ച മുമ്പാണ് ഏറുമാടം നിര്‍മാണം പൂര്‍ത്തിയായത്. രാത്രി ഇതില്‍ കാവല്‍ ഇരിക്കും.
കൃഷിജോലികള്‍ക്ക് സഹായിക്കുന്ന തേക്കുതോട് സ്വദേശി കമലാസനും ഒപ്പമുണ്ടാകും. ഇതോടൊപ്പം പന്നിയെ തുരത്താന്‍ ചെറിയ സൂത്രവിദ്യകളും നടത്തിയിട്ടുണ്ട്. കൃഷിയിടത്തിനു ചുറ്റും വേലി നിര്‍മിച്ചിട്ടുണ്ട്.
വേലിയിലെ കമ്പിയില്‍ വന്ന് പന്നി മുട്ടുമ്പോള്‍ തന്നെ അതു ഭയന്നോടാനുള്ള വിദ്യയാണ് പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.
കല്ലും ട്യൂബ് ലൈറ്റും കൊണ്ടാണ് ഈ വിദ്യ. കമ്പിവേലി അനങ്ങുമ്പോള്‍ കല്ല് ട്യൂബ് ലൈറ്റില്‍ വീണ് പൊട്ടി ശബ്ദമുണ്ടാകും.
പന്നി ഭയന്ന് ഓടിപ്പോകും. കാട്ടുപന്നിയെ നിര്‍മാര്‍ജനം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതികളെല്ലാം പാഴാണെന്നു കണ്ടതോടെയാണ് തനതു മാര്‍ഗങ്ങളെക്കുറിച്ച് ബാബുവിനെപ്പോലെയുള്ള കര്‍ഷകര്‍ ആലോചിച്ചു തുടങ്ങിയത്.