കോന്നി: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒന്നര വര്‍ഷമായിട്ടും ജില്ലയില്‍ ഇതേവരെ വെടിവെച്ചു വീഴ്ത്തിയത് 11 കാട്ടുപന്നികളെ മാത്രം.
കോന്നി , റാന്നി വനം ഡിവിഷനുകളിലായാണ് കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കിവരുന്നത്. കോന്നിയില്‍ നാലും റാന്നിയില്‍ ഏഴും പന്നികളെയാണ് ഇതേവരെ വെടിവെച്ചുവീഴ്ത്തിയത്.
ശല്യക്കാരെന്നു കണ്ടെത്തിയ കാട്ടുപന്നികളെയാണ് വനം വകുപ്പ് നിയമം അനുസരിച്ച് വെടിവച്ചുകൊന്നതെങ്കിലും ഇപ്പോഴും ഇവയുടെ ശല്യം നിര്‍ബാധം തുടരുകയാണ്.
സംസ്ഥാനത്തു തന്നെ ഉത്തരവു പ്രകാരം ആദ്യമായി കാട്ടുപന്നിയെ വെടിവച്ചത് കോന്നി അരുവാപ്പുലത്താണ്.
ഇവർക്കു മുൻഗണന
കോന്നി ഡിവിഷനില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പ്രാപ്തരായ ആളുകളുടെ കുറവുണ്ട്.
തോക്ക് ലൈസന്‍സുള്ള നാലുപേര്‍ കോന്നി ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ ഒരാള്‍ മാത്രമാണ് പന്നിവേട്ടയ്ക്ക് സജീവമായി ഇറങ്ങുന്നത്.
കൂടുതല്‍ ആളുകളെ നിയമിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ലൈസന്‍സുള്ള തോക്ക് ഉടമകളെയും വെടിവയ്ക്കാന്‍ പരിചയമുള്ളവരെയുമാണ് ഈ രംഗത്തേക്ക് നിയമിക്കുന്നത്.
റാന്നി ഡിവിഷനില്‍ വനപാലകര്‍ അടങ്ങിയ 20 അംഗ സംഘമുണ്ട്. ഇതില്‍ പത്തുപേര്‍ വനപാലകരും പത്ത് പേര് ലൈസന്സുള്ളവരുമാണ്.
പാനലിൽ മൂന്ന ുപേർ മാത്രം
ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ വനം വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ സന്നദ്ധരായ വ്യക്തികളുടെ പാനല്‍ വനം വകുപ്പ് തയാറായിക്കിയിട്ടുണ്ട്.
കോന്നി ഡിവിഷനിലെ പാനലില്‍ മൂന്ന് വ്യക്തികള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ കോന്നി, പ്രമാടം, അരുവാപ്പുലം, തണ്ണിത്തോട്, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, ഏനാദി സംഗലം, കൊടുമണ്‍, ഏഴംകുളം, പള്ളിക്കല്‍, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലെയും പത്തനംതിട്ട, അടൂര്‍ നഗരസഭകളിലെയും പരിധിയില്‍ വരുന്ന തോക്ക് ലൈസന്‍സുള്ളവരും വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരുമായ വ്യക്തികളെ എം പാനല്‍ ചെയ്യും. ഇവരോടൊപ്പം വനപാലകരെ കൂടി നിയമിച്ചാണ് നടപടികള്‍ നടത്തുന്നത്.