വണ്ടിത്താവളം: നെടുന്പള്ളം, കൂന്പാറ, പാപ്പാന്പള്ളം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പന്നിക്കൂട്ടമെത്തുന്നത് അപകടഭീഷണിയായി. കൂന്പാറയ്ക്കുസമീപത്തെ നെൽകൃഷി പന്നികൾ ഉഴുതുമറിച്ച് വ്യാപകമായി നശിപ്പിച്ചു.വണ്ടിത്താവളം ടൗണിൽനിന്നും പാപ്പാന്പള്ളം, നെടുന്പള്ളം എന്നിവിടങ്ങളിലേക്ക് നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇക്കഴിഞ്ഞമാസം സമീപവാസിയായ കണ്ണനെ മൂന്നംഗ പന്നിക്കൂട്ടം ആക്രമിക്കാൻ തുനിഞ്ഞെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
രാത്രിസമയത്ത് വീടുകൾക്കു സമീപം പന്നിക്കൂട്ടം എത്തിയാൽ പടക്കംപൊട്ടിച്ചാണ് അകറ്റുന്നത്. ഇതുമൂലം ടൗണിൽനിന്നും അരകിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് രാത്രികാലത്ത് ഓട്ടോയിലാണ് മിക്കവരും സഞ്ചരിക്കുന്നത്.ഇക്കഴിഞ്ഞദിവസം കൂന്പാറ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് ഒന്‍പത് പന്നികളാണ് കൂട്ടമായെത്തിയത്. വണ്ടിത്താവളം ടൗണിലെ ടൈലറിംഗ് കടയിൽനിന്നും രാമകൃഷ്ണൻ വീട്ടിലേക്ക് വഴിയിൽ ഓലപടക്കം പൊട്ടിച്ചു ശബ്ദമുണ്ടാക്കിയാണ് വരുന്നത്.
നെടുന്പള്ളത്തേക്കുള്ള വഴിക്കിടെയുള്ള കനാൽബണ്ടിന്റെ തൂപ്പുകൾക്കിടയിലാണ് പന്നിക്കൂട്ടം തന്പടിച്ചിരിക്കുന്നത്. ഈ സ്ഥലത്തെ തെരുവുവിളക്കുകൾ കത്താത്തതിനാൽ പന്നികൾ ദൂരെനിന്നും വരുന്നതും കാണാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
പാലക്കുളന്പിൽ മാണിക്യന്റെ വീടിനു പിറകിൽ ഒന്‍പതുവയസുകാരിയായ മകളെ പന്നി ഇടിച്ചുവീഴ്ത്തിയ സംഭവവമുണ്ടായിട്ടുണ്ട്. പന്നികളെ തുരത്താൻ വനംവകുപ്പ് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.