മുക്കം: ഉരുൾപൊട്ടലിൽ ഏഴുപേര്‍ മരിക്കുകയും നിരവധി പേർക്ക് സ്വന്തം കൃഷി ഭൂമിയും സ്ഥലവും നഷ്ടമായ ഓടക്കയത്ത് സഹായഹസ്തവുമായി വിദ്യാര്‍ഥികളെത്തി. പന്നിക്കോട് എയുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി യൂണിറ്റുകളിലെ വിദ്യാര്‍ഥികളുമാണ് ഭക്ഷണസാധനങ്ങളും പുസ്തകങ്ങളും വീട്ടുപകരണങ്ങളുമായി ഓടക്കയത്തെത്തിയത്.
രണ്ട് ദിവസം മുന്‍പാണ് സ്കൂളിലേക്ക് ഓടക്കയത്തുനിന്നും സഹായമഭ്യർത്ഥിച്ച് വിളിയെത്തിയത്. ഉടൻ തന്നെ പ്രധാനാധ്യാപിക കെ.കെ.ഗംഗയും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഹക്കീം കളൻതോടും വിവരം വിദ്യാർഥികളേയും പിടിഎ കമ്മറ്റി അംഗങ്ങളെയും രക്ഷിതാക്കളെയും അറിയിച്ചു.
അടുത്ത ദിവസം തന്നെ എംപിടിഎ പ്രസിഡന്റ് സുലൈഖ പൊലുകുന്നത്ത് പിടിഎ അംഗങ്ങളായ റസീന മജീദ്,കദീജ ഒറ്റക്കണ്ടത്തിൽ എന്നിവർ ഷീന,ഷറീന, റീജ എന്നിവർക്കൊപ്പം ആദ്യ സംഭാവനയുമായെത്തി.ഇതൊരു പ്രചോദനമായി മറ്റുള്ളവർ ഏറ്റെടുത്തതോടെ സഹായങ്ങളും നിരവധിയെത്തി.സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ വകയായി ഫലീല ഉസ്മാൻ നോട്ടുപുസ്തകങ്ങളും നൽകി.
ലഭിച്ച പണമുപയോഗിച്ച് ഓരോ കുടുംബത്തിനുമാവശ്യമായ 10 കിലോ അരി, 2 കിലോ പഞ്ചസാര, 250 ഗ്രാം ചായ, ഉപ്പ്,ആട്ട, മല്ലി, മുളക്, വൻപയർ, പരിപ്പ്, ചെറുപയർ, കടല,പപ്പടം എന്നിവ വാങ്ങി വ്യത്യസ്ത പായ്ക്കുകളിലായി നിറച്ചാണ് യാത്ര തിരിച്ചത്.
യാത്ര/dക്ക് പിടിഎ പ്രസി.ബഷീർ പാലാട്ട്, എംപിടിഎ പ്രസി. സുലൈഖപൊലു കുന്നത്ത്,മാനേജർ സി.കേശവൻ നമ്പൂതിരി , ഷരീഫ് ആദംപടി, പ്രധാനാധ്യാപിക കെ.കെ.ഗംഗ, പി.സൈതലവി, റീജ, ഐ.ശങ്കരനാരായണൻ, രമ്യ സുമോദ്, സുഭഗഉണ്ണികൃഷ്ണൻ,ഹക്കീംകളൻ തോട്, ഉണ്ണികൃഷണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഞങ്ങളിനിയും വരും കൂടുതൽ സാധനങ്ങളുമായി എന്ന് ഉറപ്പ് നൽകിയാണ് വിദ്യാർഥികൾ തിരിച്ചു പോന്നത്.