കട്ടപ്പന: പന്നിപ്പനി പിടിതരാതെ പടർന്നു പിടിച്ചതോടെ നൂറുകണക്കിനു പന്നികളെ അധികൃതർ കൊന്നു മറവുചെയ്തു.
കട്ടപ്പന നഗരസഭയിൽ കൊച്ചുതോവാള നിരപ്പേൽകട ഭാഗത്തും ഉപ്പുതറയുടെ വിവിധ ഭാഗങ്ങളിലുമാണ് ഫാമുകളിലെ പന്നികളെ ദയാവധത്തിന് ഇരയാക്കിയത്. രണ്ടാഴ്ച മുൻപാണ് നിരപ്പേൽ കട ഭാഗത്തു ഫാമിൽ ആദ്യമായി പന്നി ചത്തത്.
അപ്പോൾത്തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് അധികൃതർ സാന്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു.
രണ്ട് സാന്പിളുകൾ ശേഖരിച്ചു ഭോപ്പാൽ, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളിലേക്കാണ് അയച്ചത്. 12 ദിവസങ്ങൾക്കു ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ചു ഫലം ലഭിച്ചത്.
128 പന്നികൾ ചത്തു
ഈ കാലയളവിനുള്ളിൽ ഫാമിലെ 128 പന്നികൾ ചത്തിരുന്നു. ബാക്കിയുണ്ടായിരുന്ന 12 എണ്ണത്തിനെയാണ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം.പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തിയത്.
കട്ടപ്പന വില്ലേജ് ഓഫീസർ എം.ജെ. ജോർജുകുട്ടിയുടെ സാന്നിധ്യത്തിൽ ഡോ.ജയ്സൺ ജോർജ്, ഡോ.ഗദ്ദാഫി കെ.പി, ഡോ. പാർത്ഥിപൻ, ഡോ.ഗീതമ്മ തുടങ്ങിയവർ നടപടിക്രമം പൂർത്തീകരിച്ചു. കട്ടപ്പന നഗരസഭയിൽ മറ്റൊരിടത്തും പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ ഫാമിനു ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റു ഫാമുകൾ ഇല്ലാത്തതിനാൽ കൂടുതൽ ദയാവധം നടപ്പാക്കേണ്ടി വന്നിട്ടില്ല.
രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശത്തുനിന്നു പന്നിയിറച്ചി വിതരണവും ചെയ്യുന്ന കടകളുടെ പ്രവർത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടുവരുന്നതും താത്കാലികമായി നിരോധിച്ചു.
ആയിരം ദയാവധം
ഉപ്പുതറയിലെ വിവിധ പ്രദേശങ്ങളിലെ ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചത്തതു പന്നിപ്പനി മൂലമാണെന്ന് ശ്രവങ്ങളുടെ പരിശോധനാഫലം.
ഇതോടെ അസുഖം മൂലം പന്നികൾ ചത്ത ഫാമുകളിൽ അവശേഷിക്കുന്ന പന്നികളെ ദയാവധത്തിനു വിധേയമാക്കി തുടങ്ങി.
വ്യാഴാഴ്ച ഉപ്പുതറ പഞ്ചായത്തിലെ മൂന്നു ഫാമുകളിലെ 11 പന്നികളെ ദയാവധത്തിനു വിധേയമാക്കി. ഉപ്പുതറയിൽ രണ്ടു ഫാമുകളിലായി 51 പന്നികളാണ് രോഗം മൂലം ചത്തത്.
സംശയം തോന്നിയതിനെത്തുടർന്ന് ജീവനുള്ള പന്നികളുടെ ശേഖരിച്ച രക്തസാന്പിൾ പരിശോധിച്ചപ്പോൾ പന്നിപ്പനി നെഗറ്റീവ് ആയിരുന്നു.
എന്നാൽ, ചത്ത പന്നികളുടെ സാന്പിളുകൾ ബംഗളുരു, ഭോപ്പാൽ എന്നിവിടങ്ങളിലെ ലാബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ചത്.
ജില്ലയിൽ 3,000 പന്നികൾ ചത്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. 1000 പന്നികളെ ദയാവധത്തിനും വിധേയമാക്കി.
എന്നാൽ, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാമുകളിൽ നൂറു കണക്കിനു പന്നികൾ ചത്തിട്ടുണ്ട്. 100ലേറെ കിലോ തൂക്കമുള്ള പന്നികളാണ് ചത്തത്.
ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഫാമുകളിലെ പന്നികളുടെ തൂക്കത്തിന് അനുസരിച്ചു സർക്കാർ നിശ്ചയിച്ചിരിക്കുന്ന 72 ശതമാനം തുക കർഷകർക്കു നഷ്ടപരിഹാരം ലഭിക്കും.
ഡോ. ജയ്സൺ ജോർജ്, ഡോ.കെ.സി. ഗദ്ദാഫി, ഡോ. പാർത്ഥിപൻ, ഡോ.നിശാന്ത് എം. പ്രഭ, ഡോ. നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദയാവധം നടത്തിയത്. റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.