തൊടുപുഴ: കരിമണ്ണൂര്‍ ചാലാശേരി ഭാഗത്തെ സ്വകാര്യ ഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ ഫാമുകളിലെ പന്നികളെ കൊന്നുതുടങ്ങി.
ഇന്നു രാവിലെ മുതലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും പോലീസിന്റെെയും നേതൃത്വത്തില്‍ പന്നികളെ കൂട്ടത്തോടെ കൊന്നുതുടങ്ങിയത്. 276 പന്നികളെയാണ് ഇന്നു കൊല്ലുന്നത്.
ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല.
രോഗം സ്ഥിരീകരിച്ച 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബിനോയി സി മാത്യു, ജില്ലാ എപ്പിഡമിളോജിസ്റ്റ് നിശാന്ത എം.പ്രഭ, കരിമണ്ണൂര്‍ സിഐ സുമേഷ് സുധാകരന് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍.
കുത്തിവയ്പ്പു നല്‍കിയാണ് പന്നികളെ കൊല്ലുന്നത്. പിന്നീട് ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ജഡങ്ങള്‍ മറവുചെയ്തു. പ്രതിരോധ മരുന്നു തളിച്ചാണ് ജഡങ്ങള്‍ കുഴിച്ചുമൂടുന്നത്. കര്‍ശന സുരക്ഷാ നടപടികളാണ് പ്രദേശത്ത് സ്വീകരിച്ചിരിക്കുന്നതെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്. മധുബാബു പറഞ്ഞു.
ചാലശേരിയിലെ ഫാമിലെ ആറു പന്നികളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 95 പന്നികളാണ് ഉണ്ടായിരുന്നത്. പിന്നീട് പലതവണയായി 69 എണ്ണം ചത്തു.
ജീവനുള്ളവയിലാണ് രോഗം കണ്ടെത്തിയത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് പന്നികളെ കൊന്നൊടുക്കുന്നത്. രോഗബാധിത മേഖലയില്‍ പന്നിമാംസ കച്ചവടം, കശാപ്പ്, വില്‍പ്പന എന്നിവയ്ക്കു കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
നിരീക്ഷണ മേഖലയ്ക്കുള്ളിലുള്ള പന്നികളെ അവിടെതന്നെ നിലനിര്‍ത്തണമെന്നും പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ശിക്ഷാര്‍ഹമാണെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികള്‍ ഏതാനും ദിവസം മുമ്പ് ചത്തുവീണതോടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ ഇതിന്റെ ഫലം ലഭിച്ചപ്പോഴാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.