ഇരിട്ടി: ആറളംഫാമില്‍ നിന്നും കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പുനരധിവാസ മേഖലയില്‍ ഒന്‍പതാം ബ്ലോക്കിലെ താമസക്കാരായ പി. മനോജ് (35) , എസ്. ശങ്കരന് (45) , മത്തായി എന്ന കുമാരന് (42 ) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്.
കാട്ടുപന്നിയെ വേട്ടയാടിക്കൊന്നു എന്നതാണ് ഇവരുടെ പേരിലുള്ള കേസ് . അഞ്ചുപേരുള്ള ഈ കേസുമായി ബന്ധപ്പെട്ട് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനായ ജെയ്സണ്‍ (47) , കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സുനില്‍ (35) എന്നിവര്‍ കൂടി പിടിയിലാവാനുണ്ട്.
വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഞായറാഴ്ച കൊട്ടിയൂര്‍ വനം വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാകം ചെയ്യാനായി തയാറാക്കിവെച്ച മാംസം പിടികൂടുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ അന്ന് പിടികൂടാനായിരുന്നില്ല.
ഇതിനു ശേഷം കീഴ്പ്പള്ളി എസ്എഫ്ഒ എം. രാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മൂന്നുപേരും പിടിയിലാകുന്നത്. മറ്റ് രണ്ടുപേരെ കൂടി പിടികൂടാനുള്ള ശ്രമം തുടരുകയാണ്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.