ആലപ്പുഴ: നേതാക്കൾ ജനങ്ങളിൽ നിന്നും അകലരുതെനന്ന സിപിഐ ദേശീയ കണ്ട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പുന്നപ്ര വയലാർ സമരനായകനും സിപിഐ നേതാവുമായിരുന്ന എം.ടി ചന്ദ്രസേനനൻ അനുസ്മരണ സമ്മേളനവും പുരസ്ക്കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാർ ജനങ്ങൾക്ക് വേണ്ടിമാത്രമാകണം പ്രവർത്തിക്കേണ്ടത്.
ഏതുതരത്തിലുള്ള തിരിച്ചടികളേയും നേരിടാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിയും. കമ്യൂണിസ്റ്റുകാർ എന്നും നേരിന്റെ പാതയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ബൂർഷ്വാ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തിതാൽപര്യം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമന് പുരസ്ക്കാരം സമർപ്പിച്ചു.
ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് കേരളത്തിൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് പി തിലോത്തമൻ പറഞ്ഞു. അവാർഡ് തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എ.ശിവരാജൻ അധ്യക്ഷനായി. സെക്രട്ടറി ടി.ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമൻ എം.ടി ചന്ദ്രസേനൻ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, സംസ്ഥാന കൗണ്‍സിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ജ്യോതിസ്, വി.മോഹൻദാസ്, വിപ്ലവഗായിക പി.കെ മേദിനി, ഇ.കെ ജയൻ, വി.പി ചിദംബരൻ, എൻ.പി കമലാധരൻ തുടങ്ങിയവർ പങ്കെടുത്തു.