തിരുവനന്തപുരം: മുന്നണിയെന്ന നിലയിൽ ഇടതുപക്ഷ പ്രസ്ഥാനം ശക്തമാണെന്നും ഗതികിട്ടാ പ്രേതം പോലെ തെക്കുവടക്കു അലയുന്നവരെ മുന്നണിയിൽ ആവശ്യമില്ലെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണു കെ.എം.മാണിക്കെതിരെ പന്ന്യൻ രവീന്ദ്രൻ രൂക്ഷമായ വിമർശനം നടത്തിയത്.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. വേറൊരിടത്തും ചെല്ലാൻ കഴിയാതെ മൃതപ്രായരായി കിടക്കുന്ന പാർട്ടികൾക്കു കടന്നുവരാൻ കഴിയുന്ന മുന്നണിയല്ല ഇടതുമുന്നണി. എൽഡിഎഫ് എന്ന സംവിധാനം ഉണ്ടാക്കാൻ മുഖ്യമന്ത്രി കസേര പോലും വലിച്ചെറിഞ്ഞ പാർട്ടിയാണു സിപിഐയെന്നും ആരെങ്കിലും വിചാരിച്ചാൽ അഴിമതിക്കാരെ മുന്നണിയിൽ കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചരമണിക്കൂർ ചർച്ച ചെയ്താണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക തയാറാക്കിയത്. പ്രകടനപത്രികയനുസരിച്ചു വേണം ഇടതുമുന്നണി ഭരിക്കേണ്ടത്. ഇതിൽ നിന്നും വ്യതിചലിക്കാൻ ആരെയും അനുവദിക്കില്ലെന്നും തെറ്റു സംഭവിച്ചാൽ ചൂണ്ടിക്കാണിക്കാൻ സിപിഐക്ക് ഒരു മടിയുമില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.