എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാൽ നിലവിലെ സി.പി.ഐ മന്ത്രിമാർ മാറില്ല. തത്കാലം വകുപ്പുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ മന്ത്രിസ്ഥാനം പാർട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
മന്ത്രിസഭാ പുനഃസംഘടനെയെക്കുറിച്ച് ഇതുവരെ മുന്നണിയിൽ ചർച്ച ഉണ്ടായിട്ടില്ല. ഈ മാസം 13ന് രാവിലെ 11 മണിയ്ക്ക് എൽ.ഡി.എഫ് യോഗം ചേരുന്നുണ്ട്. അതിനു മുന്പ് മന്ത്രിസഭാ പുഃസംഘടനയുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സി.പി.ഐയും സിപിഎമ്മും ചർച്ച നടത്തും. ഈ ചർച്ചയ്ക്ക് മുന്പ് സി.പി.ഐ നേതാക്കൾ തമ്മിൽ ആശയ വിനിമയം നടത്തും. അതിലായിരിക്കും സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചർച്ച നടക്കുക.
മന്ത്രിസ്ഥാനം വേണമോ ചീഫ് വിപ്പ് സ്ഥാനം വേണമോ എന്നതിനെക്കുറിച്ചൊന്നും ഇതുവരെ ആലോചന ഉണ്ടായിട്ടില്ല. ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് വരുന്നതിനോട് സി.പി.ഐ എതിർപ്പ് ഉയർത്തേണ്ട കാര്യമില്ല. ഇതേക്കുറിച്ച് ചർച്ച വരുന്പോൾ കൃത്യമായ മറുപടി പാർട്ടി പറയും. മുന്നണി സംവിധാനം വിപുലീകരിക്കുന്നതിനുള്ള നടപടികൾ എൽ.ഡി.എഫ് യോഗത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാൽ സി.പി.ഐയുടെ മന്ത്രിസ്ഥാനം ആർക്കും വിട്ടു നൽകേണ്ട ആവശ്യമില്ലെന്നും പന്ന്യൻ പറഞ്ഞു. ജയരാജൻ മന്ത്രിസഭയിലേ്ക്ക് തിരികെ വരുന്പോൾ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം സി.പി.ഐ അനൗദ്യോഗികമായി ഉന്നയിച്ചിരുന്നു.
മന്ത്രിസ്ഥാനം 20 ആയി നിലനിർത്താൻ വേണ്ടി ക്യാബിനറ്റ് റാങ്കോടു കൂടിയുള്ള ചീഫ് വിപ്പ് സ്ഥാനം നൽകാമെന്ന ധാരണ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ തമ്മിൽ അനൗദ്യോഗികമായി ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എൽ.ഡി.എഫ് യോഗത്തിലായിരിക്കും പ്രഖ്യാപിക്കുക.