കൊല്ലം: രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ഭാവിയിലും സജീവമായി നിലനിർത്താൻ വിദ്യാർഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വായനോത്സവത്തോടനുബന്ധിച്ച് പി.എൻ പണിക്കർ ഫൗണ്ടേ ഷൻ, ജില്ലാ ലൈബ്രറി കൗണ്‍സിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് , അസാപ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകളും ഭാവികേരളവും എന്ന വിഷയത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന ഡിജിറ്റൽ യുഗത്തിൽ എത്തിനിൽക്കുന്പോഴും പുസ്തകങ്ങളുടെ പ്രസക്തി തെല്ലും കുറഞ്ഞിട്ടില്ല. അതത് പ്രദേശങ്ങളിലെ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാകാനും അതുവഴിയുള്ള വളർച്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വിദ്യാർഥികൾക്ക് കഴിയണം.
പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം ഡിജിറ്റൽ വായനയുടെ സാധ്യതകളും ഉപയോഗിക്കണം. വായന വിജ്ഞാനത്തിലേക്കുള്ള വഴിയാണ്. അറിവിലൂടെ മാത്രമേ നന്മയിലേക്ക് യാത്രചെയ്യാനാകൂ. അത് നാടിന്റെകൂടി വളർച്ചയാണ്. വായിച്ചു വളരുക എന്ന സന്ദേശം മലയാളിക്കു സമ്മാനിച്ച പി.എൻ പണിക്കർ എല്ലാവരേയും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ ശ്രമിച്ചയാളാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അധ്യക്ഷനായിരുന്നു. പി.എൻ. പണിക്കർ ഫൗണ്ടേ ഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേ ഷൻ സെക്രട്ടറി എൻ. ജയചന്ദ്രൻ, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ഡി. സുകേശൻ, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ജനറൽ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് അബൂബക്കർകുഞ്ഞ്, പുസ്തക പ്രസാധകൻമാരായ കെ.ജി. അജിത്ത്കുമാർ, കൊല്ലം മധു, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷോബി ദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു