ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: അണുകുടുംബം എന്നൊക്കെ പറയുന്നതുപോലെയാണു പന്നിയങ്കര ഗവണ്മെന്റ് എൽപി സ്കൂൾ.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി ഇവിടെ ആറു കുട്ടികളേ ഉള്ളൂ.
കോവിഡ് നിയന്ത്രണങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്നലെ വീണ്ടും സ്കൂൾ തുറന്നപ്പോൾ കൂട്ടുകാ രെയെല്ലാം വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലായിരുന്നു കുട്ടികളെല്ലാം.
സ്വന്തം വീട്ടിൽ നിന്നും ബന്ധുവീട്ടിൽ എത്തിയ ആഹ്ലാദത്തിലായിരുന്നു ഇവർ. അമ്മയെപ്പോലെ സ്നേഹിക്കാനും ചേച്ചിയെപ്പോലെ ഒപ്പമിരുന്ന് പഠിപ്പിക്കാനും അധ്യാപകർ, രാവിലേയും ഉച്ചയ്ക്കും ഭക്ഷണം.
കളിയുപകരണങ്ങൾ സ് കൂൾ അന്തരീക്ഷമൊന്നും കുട്ടികൾക്ക് ഇവിടെ ഫീൽ ചെയുന്നില്ല.ഇതിനാൽതന്നെ സ്കൂളിലേക്കു വരാനും കുട്ടികൾക്ക് ഏറെ താല്പര്യമാണെന്ന് രക്ഷിതാക്കളും പറയുന്നു.
സ്വാസ്തികയും അനുശ്രീയും റെയ്ച്ചലുമാണ് ഇതിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നവർ. റെയ്ഹാനത്ത് രണ്ടാം ക്ലാസുകാരിയാണ്. ഹഷ്മയാണ് മൂന്നിൽ. അനഘയാണു നാലാംക്ലാസുകാരി. അതായത് സ്കൂളിലെ ഏക സീനിയർ സ്റ്റുഡന്റ്.ഇവർ എല്ലാവരും കൂട്ടുകാരികളാണ്.
സ്കൂളിലേക്കുള്ള വരവും സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതും ഒരുമിച്ച്.സ്കൂളിൽ എത്തിയാലും ചങ്ങാത്തത്തിന് കുറവില്ല. മോളി ടീച്ചറാണ് പ്രധാന അധ്യാപിക. അമൃത, ജസീന, കവിത എന്നിവരാണു മറ്റ് അധ്യാപകർ.
നിലവിലുള്ള സ്കൂൾ കെട്ടിടത്തിനു പിറകിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഒരു കോടി രൂപ ചെലവിൽ പുതിയ ഹൈ ടെക് ക്ലാസ് മുറികൾക്കായി കെട്ടിട നിർമാണം നടന്നു വരികയാണ്.
ആറ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം. സ്കൂളിന്റെ പഴയ പ്രതാപകാലം തിരിച്ചു വന്നില്ലെങ്കിലും സ്കൂളിനെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാനുള്ള വലിയ ആഗ്രഹത്തിലാണ് അധ്യാപകർ.
സ്കൂൾ പ്രവർത്തിക്കുന്നത് വാഹന തിരക്കേറിയ ദേശീയപാതയോരത്തായത് കുട്ടികളുടെ എണ്ണം കുറയാൻ പ്രധാന കാരണമാണെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ കെട്ടിടം വരുന്പോൾ ഈ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു
കണക്കുകൂട്ടൽ.
പൂർണമായും ഇംഗ്ലീഷ് മീഡിയമാണു രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. ഒരു ദശാബ്ദത്തോ ളമായി കുട്ടികളുടെ എണ്ണം രണ്ട് അക്കത്തിൽ എത്താത്ത സർക്കാർ സ്കൂളാണിത്.
അധ്യാപകർക്കൊപ്പം നാട്ടുകാരും പഞ്ചായത്തുമൊക്കെ സ്കൂളിലെ കുട്ടികളുടെ എണ്ണം കൂട്ടാൻ നിരവധി ഹൗസ് കാന്പയിനുകൾ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല.
കുട്ടികളില്ലാതെ മൂന്നു വർഷം അടഞ്ഞുകിടന്ന ഈ സ്കൂൾ പിന്നീട് 2014ൽ ആറു കുട്ടികളുമായാണു തുറന്നത്. പിന്നേയും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായില്ല.