തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നല്ല രീതിയിൽ പണമൊഴുകിയെന്നും രണ്ടു കോടീശ്വരന്മാർക്കിടയിൽ താൻ പെട്ടുപോയെന്നും തിരുവനന്തപുരത്തെ ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന പന്ന്യൻ രവീന്ദ്രൻ.
വോട്ട് പര്‍ച്ചേയ്സ് ചെയ്തു. പാവങ്ങള്‍ വാങ്ങുന്നുവെങ്കില്‍ വാങ്ങട്ടെയെന്ന് താനും കരുതി. ഞാൻ ആ പാവങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കോടികളാണ് തിരുവനന്തപുരത്ത് വാരി വിതറിയത്. ബിജെപി സംഘടനാപരമായി ഇവിടെ വളര്‍ന്നതല്ല. പണത്തിന്റെ ഭാഗമായി വളര്‍ന്നതാണ്. പണം നൽകുന്നതിനെ ചൊല്ലി അവർ തമ്മിലാണ് തർക്കമുണ്ടായത്. അതില്‍ കേസുമുണ്ടായി. താഴെ തട്ടുവരെ പരിശോധന നടത്തും- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
നല്ല ഭരണം കാഴ്ചവയ്ക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് അല്ല ഇത്. പണത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. ഇന്ത്യ സഖ്യത്തില്‍ ഉൾപ്പെടുന്ന പാര്‍ട്ടികൾ തമ്മിലാണ് സംസ്ഥാനത്ത് മത്സരിച്ചതെന്നത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു.
വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന കേരളത്തിലെ ജനങ്ങൾ ഇന്ത്യ മുന്നണിയിലെ രണ്ടു പേര് പരസ്പരം മത്സരിക്കുന്നത് ചര്‍ച്ച ചെയ്തു കാണും. തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഘടനാ ദൗര്ബല്യമില്ലെങ്കിലും സംഘടനാ സംവിധാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. വോട്ടിങ് ശതമാനം കുറഞ്ഞതും ഒരു ഘടകമാണ്. നന്നായി തന്നെ മത്സരിച്ചു. പക്ഷേ തോറ്റു. തന്റെ ജീവിതം രാഷ്ട്രീയമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.