അടൂര്‍: പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയെങ്കില്‍ അതു സാമൂഹിക വിഷയവും മനുഷ്യത്വവുമായി കണ്ടാല്‍ മതിയെന്നും ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ അടൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബോംബ് നിര്‍മാണത്തെ ഒരുവിധത്തിലും അംഗീകരിക്കുന്നില്ല. പാനൂരിലെ സംഭവത്തിനു പിന്നില്‍ ആരായാലും ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയുടെ പേരില്‍ തോമസ് ഐസക്കിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നോക്കേണ്ട. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതായ പ്രചാരണം നടത്തുകയും ഇതിനുത്തരവാദിത്വം ഐസക്കിനാണെന്നുമാണെന്നുള്ള പ്രചാരണം മുഖ്യമന്ത്രി തള്ളി. കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. കിഫ്ബിയെ ശാക്തീകരിക്കുന്നതില്‍ ഐസക്കിന്റെ സംഭാവന വലുതാണ്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാർ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമപെന്ഷന്. അതും ഒന്നരവര്‍ഷം കുടിശികയുണ്ടായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കുടിശിക ഘട്ടംഘട്ടമായി നല്കി. ഇന്നിപ്പോള്‍ 1600 രൂപ പെന്‍ഷനായി. ഇതിനു പിന്നിലെ ധനമന്ത്രിയെന്ന നിലയില്‍ ഐസക്കിന്റെ പങ്ക് വലുതാണ്.
അരവിന്ദ് കെജരിവാളിന്റെ വിഷയത്തില്‍ ഇഡിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ തോമസ് ഐസക്ക് ഇഡിയ്ക്കു മുമ്പിലെത്തണമെന്ന് ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ നിലപാടിലെ വൈരുധ്യമാണ് ഇതില്‍ കാണുന്നത്. ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്ന പല നയങ്ങളിലും സമാനമാണ്.
കടമെടുപ്പിലൂടെ കേരളം തകര്‍ന്നുവെന്നാണ് പ്രചാരണം. എന്നാല്‍ രാജ്യത്ത് ഏതു സംസ്ഥാനമാണ് കടമെടുക്കാതെ നിലനില്ക്കുന്നതെന്നു വ്യക്തമാക്കണം.കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര നീക്കത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
രാജ്യത്തു മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് ബിബിസിയുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായതെന്ന് പിണറായി വിജയന് ചൂണ്ടിക്കാട്ടി.
റബര്‍ കര്‍ഷകരെ സഹായിക്കുന്നതില്‍ കേന്ദ്രം ഒരു ഇടപെടലും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിനിടെ സിപിഎം അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ട് പാര്‍ട്ടിയെ തളര്‍ത്താമെന്ന ്ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.