കോഴിക്കോട്: പാനൂര്‍ ബോംബ് നിര്‍മാണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം ആണയിടുമ്പോഴും പാര്‍ട്ടിയെ കടന്നാക്രമിച്ച് സോഷ്യ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന വടകരയില്‍ ബോംബ് വിഷയം കത്തിപ്പടരുകയാണ്. ടിപിയുടെ കൊലപാതകവും രാഷ്ട്രീയ അക്രമവും കൂടുതൽ ചര്‍ച്ചയാക്കാന്‍ പാനൂര്‍ ബോംബ് സ്ഫോടനം വഴിയൊരുക്കി എന്ന വിലയിരുത്തലാണുള്ളത്.
സിപിഎം കേന്ദ്രത്തിൽ നടന്ന ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിനും പരിക്കേറ്റ നാലുപേരും സിപിഎം അനുഭാവികളാണ്. കേസിൽ ഇതുവരെ അറസ്റ്റിലായ ആറു പേരിൽ അമല്‍ബാബു ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. മറ്റുള്ളവരാകട്ടെ സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണ്.
അമല്‍ബാബു സിപിഎം നടത്തിയ റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന്റെ വീഡിയോ സഹിതമാണ് പ്രചാരണം. മരിച്ച ഷെറിൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ എത്തിയിരുന്നു. അതിനു പിന്നാലെ പാനൂരിലെ ബോംബ് സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ഇതിന്റെയൊക്കെ ചുവടു പിടിച്ചാണു ട്രോളുകൾ. വിഷയം ബിജെപിയും കോണ്‍ഗ്രസും ഏറ്റെടുത്തു കഴിഞ്ഞു.
‘പാനൂർ ബോംബ് നിർമാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വോളണ്ടിയർ മാർച്ച് മുന്നിൽനിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ?’ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഫേസ് ബുക്കിലൂടെ ചോദിച്ചു. ‘ബോംബെടാ ഇത് ബോംബെടാ. സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്ററോടാ.
ഇനി കിളി പോയി ഇത് ലഷ്കർ ഇ തോയിബ മാർച്ചാണെന്ന് മാത്രം പറയരുതേ. പാനൂർ ബോംബ് നിർമാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? അറസ്റ്റിലായ പുണ്യാളൻ സഖാവ് അമൽ… പ്രകാശ് ബാബുവിന്റെ കുറിപ്പില്‍ പറയുന്നു.
അതിനിടെ പാനൂർ സ്ഫോടനത്തിലെ പോലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ചു യുഡിഎഫ് രംഗത്തെത്തി. കേസിലെ പോലീസ് നടപടികൾ ദുരൂഹമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ വിമർശിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്നും ഷാഫി ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലത്തെത്തണമെന്ന് ആര്‍എംപിഐ നേതാവ് കെ.കെ. രമ ആവശ്യപ്പെട്ടു. സംഭവത്തില്‍ യുഡിഎഫ് സമാധാന യാത്ര വടകരയില്‍ തുടരുകയാണ്.