തലശേരി: പാനൂർ പുല്ലൂക്കര പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേ സമയം നിലവിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിനു പകരം ഐപിസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സിറ്റി കമ്മീഷണർ ഇളങ്കോ ഉത്തരവിട്ടത്.
തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡിവൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. മൻസൂറിന്റെ സഹോദരങ്ങളുടെയും ദൃക് സാക്ഷികളുടെയും മൊഴി അന്വഷണസംഘം രേഖപ്പെടുത്തി.
ചൊക്ലി സി ഐ സുഭാഷ്, തലശേരി സിഐ ഗോപകുമാർ, ധർമടം സിഐ അബ്ദുൾ റഹീം എന്നിവരടങ്ങുന്ന 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. തിരിച്ചറിഞ്ഞ പതിനൊന്ന് പേരുൾപ്പെടെ 25 പ്രതികളാണ് കേസിലുളളത്.
നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ ഷിനോസിനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ആയുധവും മൊബൈൽ ഫോണും ബോംബിന്റെ അവശിഷ്ടങ്ങളും വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ എംപി എന്നിവർ നാളെ പാനൂരിലെത്തും. ഇവർ മൻസൂറിന്റെ വീട് സന്ദർശിക്കും.
രാവിലെ 11 ന് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള പൊതുസമ്മേളനത്തിൽ മൂവരും പങ്കടുക്കും.
ഡിവൈഎസ്പി ഇസ്മയിൽ സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ സംശയമുണ്ടെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല, ഡിസിസി സെക്രട്ടറി കെ.പി.സാജു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. കേസന്വേഷണ ചുമതല ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകണം. യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകത്തിൽ യു എ പി എ ചുമത്തണമെന്നാണ് നിയമം. ഈ സംഭവവും അത്തരത്തിൽ നടന്നതിനാൽ യുഎപി എ ചുമത്തണം.
ഒരു പ്രതിയെ നാട്ടുകാർ പിടിച്ചു കൊടുത്തിട്ടും മറ്റു പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. പോകും.