നാദാപുരം: കടവത്തൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി കൊയിലോത്ത് രതീഷി (36) നെ വളയം പോലീസ് സ്റ്റേഷന് പരിധിയിലെ ചെക്യാട് അരൂണ്ട കൂളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജീവ സിപിഎം പ്രവര്‍ത്തകനാണ്.
ചുവപ്പ് ഷര്‍ട്ടും ലുങ്കിയും ധരിച്ച് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരം നാലിനു പറമ്പിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മരത്തില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്.
തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന വിവരം ലഭിക്കുന്നത്.
നാദാപുരം ഡിവൈഎസ്പി പി.എ. ശിവദാസ്, വളയം എസ്ഐ പി.ആര്. മനോജ് എന്നിവര്‍ സ്ഥലത്തെത്തുകയും മരിച്ചത് രതീഷ് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഇയാളുടെ ബന്ധുകളോട് അരൂണ്ടയിലെത്താന് ആവശ്യപ്പെടുകയായിരുന്നു.
രാത്രി എഴോടെ രതീഷിന്റെ മാതാവിന്റെ സഹോദരിയുടെ മകന് എത്തിയാണ് മൃതദേഹം രതീഷിന്റെതാണെന്ന് ഉറപ്പ് വരുത്തിയത്. രതീഷ് വര്‍ഷങ്ങളായി പാറക്കടവ് വളയം റോഡില്‍ വില്ലേജ് ഓഫീസ് പരിസരത്തെ വാഹനങ്ങളുടെ ബോഡി നിർമിക്കുന്ന വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ്.
വളയം, ചെക്യാട് മേഖലകളില്‍ ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും കൊലപാതകത്തിനു ശേഷം ഇയാള്‍ മേഖലയില്‍ ഒളിവില്‍ കഴിയാനായി എത്തിയതാവാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം മരത്തിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. വളയം പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ എട്ടിന് വളയം സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് നാദാപുരം ഡിവൈഎസ്പി പറഞ്ഞു.