സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം റിമാന്‍ഡില്‍ കഴിയുന്ന എട്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യും. കൃത്യം നടന്നിടത്തുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ പ്രാഥമിക വിവരം. ഈ പരിക്കുകള്‍ എപ്പോള്‍ സംഭവിച്ചതാണെന്ന് വ്യക്തമാക്കാനാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
ഒളിവില്‍ കഴിയുമ്പോള്‍ രതീഷിന് ഏതെങ്കിലും വിധത്തില്‍ മര്‍ദനമേറ്റിരുന്നോ എന്ന് കണ്ടെത്താനും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കും.
മന്‍സൂറിനെ കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്തുവച്ച് സംഘര്ഷമുണ്ടായിട്ടുണ്ടെന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സംഘര്‍ഷത്തിനിടെ രതീഷിന് മര്ദനമേല്ക്കാനുള്ള സാധ്യതയും ഏറെയാണ്.
അപ്പോഴുള്ള പരിക്കുകള്‍ എവിടെയെല്ലാമായിരുന്നുവെന്നത് രതീഷിനൊപ്പമുള്ളവര്ക്ക് അറിയാന്‍ സാധിക്കും. ഒളിവില്‍ കഴിയുന്നതിനുമുമ്പും കഴിയുമ്പോഴും രതീഷ് ഇക്കാര്യം മറ്റുള്ളവരോട് പങ്കുവച്ചിരിക്കും.
എവിടെയാണ് പരിക്കുകളുള്ളതെന്ന് രതീഷ് പറഞ്ഞതായി കണ്ടെത്തിയാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരിക്കുകളുമായി താരതമ്യം ചെയ്യും. ഇതിനുപുറമേയുള്ള പരിക്കുകള്‍ ഏതെങ്കിലും ശരീരത്തില്‍ ഉണ്ടെങ്കില്‍ ഒളിവില്‍ കഴിയുമ്പോഴും മര്ദനമേറ്റിരുന്നതിനുള്ള തെളിവാകുമെന്നുമാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം ശരീരത്തിന് പുറത്ത് മുറിവുകളൊന്നും കാണപ്പെട്ടിരുന്നില്ലെന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയ ഇന്‍സ്പെക്ടര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. ഉറുമ്പരിച്ചപ്പോഴുള്ള മുറിവുകള്‍ മാത്രമായിരുന്നു ദേഹത്ത് കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
രതീഷിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന സംഘത്തിന് ഇതുവരേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഫോറന്‍സിക് സര്‍ജനില്‍ നിന്ന് മൊഴിയെടുക്കും. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ മാത്രമേ അന്വേഷണറിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിക്കുകയുള്ളൂ .